അശാസ്ത്രീയത കുത്തിനിറച്ച് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍

പ്രാചീന കാലത്തിന് അമിത പ്രാധാന്യം
Posted on: May 30, 2018 6:01 am | Last updated: May 30, 2018 at 12:04 am

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ദേശീയ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍ സി ഇ ആര്‍ ടി) പുറത്തിറക്കിയ പുതിയ പാഠപുസ്തകങ്ങളില്‍ ഇന്ത്യയുടെ പുരാതന കാലത്തെ വിവരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു.

ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളിലാണ് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങള്‍ പോലും ഉള്‍പ്പെടുത്തി ഇന്ത്യയുടെ പ്രാചീനകാലത്തിന് അമിത പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആയുര്‍വേദം, യോഗ, ഉപനിഷത്തുക്കള്‍, സ്മൃതികള്‍, പ്രചീനകാലത്ത് പഠനം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ജ്യോതിശാസ്ത്രം, ലോഹ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ക്കപ്പുറത്തേക്ക് ഇത്തരം വിഷയങ്ങള്‍ ആഴത്തില്‍ വിശദീകരിക്കുന്ന പാഠഭാഗങ്ങളാണ് പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2007ന് ശേഷം ആദ്യമായി നടക്കുന്ന പുസ്തക അവലോകനത്തിന്റെ ഭാഗമായാണ് ആര്‍ എസ് എസ് അനുകൂല സംഘടനകള്‍ ശാസ്ത്രീയമെന്ന് പറയുന്ന കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കൂള്‍ കരിക്കുലത്തില്‍ പുരാതന ഇന്ത്യക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് തീവ്രഹിന്ദുത്വ സംഘടനകള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാനവിഭവശേഷി മന്ത്രാലയം പാഠപുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നത്. അടുത്തിടെ ഇഗ്‌നോ സര്‍വകലാശാല സംഘടിപ്പിച്ച ഒരു ചടങ്ങില്‍ മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് ഭാരതത്തിന്റെ മഹത്തരമായ ചരിത്രം നന്നായി മനസ്സിലാക്കുന്നതിന് എന്‍ സി ഇ ആര്‍ ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. നമ്മുടെ യഥാര്‍ഥ സ്വത്വം ആരംഭിക്കുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ സ്വത്വത്തോടൊപ്പമാണെന്ന് തങ്ങള്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.