ബ്രസീലിന് പരിക്ക് തിരിച്ചടി

Posted on: May 25, 2018 6:05 am | Last updated: May 25, 2018 at 12:21 am

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കപ്പ് ഫേവറിറ്റുകളായ ബ്രസീലിന് പരിക്ക് തിരിച്ചടിയാകുന്നു. സൂപ്പര്‍താരം നെയ്മര്‍ പരിക്കില്‍നിന്നും പതുക്കെ മോചിതനായി വരവെ വിങ്ങള്‍ ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്കേറ്റതായാണ് പുതിയ റിപ്പോര്‍ട്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്കുശേഷം ടീം അറിയിക്കുന്നത്. ബ്രസീല്‍ ടീമിന്റെ നെടുംതൂണായ ഡാനി ആല്‍വസ് പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍നിന്നും പിന്മാറിയിരുന്നു. ആല്‍വസിന്റെ കോട്ടം നികത്തുമെന്ന് കരുതപ്പെടുന്ന കോസ്റ്റയുടെ പരിക്ക് ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോകകപ്പന് മുന്നോടിയായി നടക്കുന്ന പരിശീലനത്തില്‍നിന്നും കോസ്റ്റ് തത്കാലം വിട്ടുനില്‍ക്കുകയാണെങ്കിലും ഉടന്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് നേടുമെന്ന് പല വിദഗ്ധരും ഉറപ്പിക്കുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍.

സമീപകാലത്തെ ടീമിന്റെ പ്രകടനം അത്രത്തോളം മികച്ചതാണ്. എന്നാല്‍, ടൂര്‍ണമെന്റ് അടുക്കുന്തോറും കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, നെയ്മര്‍ ട്രെയിനിങ് ക്യാമ്പില്‍ സജീവമായത് ആശ്വാസം പകരുന്നതാണ്. കാല്‍ക്കുഴയ്ക്ക് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ഫിബ്രുവരി മുതല്‍ കളിക്കളത്തിന് പുറത്താണ്. നെയ്മര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശാരീരികക്ഷമത വീണ്ടെടുക്കുന്നതായി ടീമിന്റെ ഫിറ്റ്‌നസ് കോച്ച് ഫാബിയോ മഹ്‌സിറെഡ്ജിയാന്‍ പറഞ്ഞു. പൂര്‍ണമായ ലോകകപ്പ് പുരോഗമിക്കുമ്പോഴേക്കും നെയ്മര്‍ പൂര്‍ണ ഫിറ്റനസിലേക്ക് മടങ്ങിവരുമെന്നാണ് ടീമിന്റെ പ്രതീക്ഷ.