തുടര്‍ച്ചയായ പതിനൊന്നാം ദിനം; ഇന്നും കൂട്ടി

Posted on: May 24, 2018 10:14 am | Last updated: May 24, 2018 at 12:41 pm

കൊച്ചി: തുടര്‍ച്ചയായ പതിനൊന്നാം ദിനവും സംസ്ഥാനത്ത് ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 31ന് പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.62 രൂപയും ഡീസലിന് 74.36 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 80.20 രൂപയും ഡീസലിന് 73.26 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 80.30 രൂപയും ഡീസലിന് 73.26 രൂപയുമാണ്.

ഇന്ധന വില വര്‍ധന ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ല. ദീര്‍ഘകാല പരിഹാരമാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ധനവില നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്ന് പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എക്സൈസ് തീരുവയിനത്തില്‍ നാല് രൂപ വരെ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. കൂടാതെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ഒരുവിധത്തിലുള്ള ചര്‍ച്ചയും നടന്നില്ല.