Connect with us

Articles

സപ്തതി കഴിഞ്ഞ ഡീസലേടത്തി

Published

|

Last Updated

മെയ് മാസമായാല്‍ ഞങ്ങള്‍ അധ്യാപകര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടില്ല. കുട്ടികളെ പിടിക്കണം. പിടിച്ചത് കൈവിടാതെ നോക്കണം. മറ്റവന്റെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്തണം. കുട്ടികളെ കിട്ടാത്ത വീട്ടില്‍ “കടക്കൂ പുറത്ത്” എന്ന് ഉടമ പറയും വരെ പോകണം.

അതിനിടയില്‍ കോഴ്‌സുണ്ട്. മൊബൈല്‍ കരച്ചില്‍ നിലക്കുന്നില്ല. വിളിയോട് വിളിയാണ്. ആ കുട്ടി പോയി. ഈ കുട്ടി പോകും, എന്നൊക്കെ. ടെന്‍ഷനാണ്. ക്ലാസിലാണെങ്കിലും ക്ലാസിന് പുറത്താണ് ശ്രദ്ധ. പിടിച്ചുവെച്ച കുട്ടി കൈവിട്ടാല്‍ ആര്‍ക്കാണ് സഹിക്കാനാവുക? ഈ വര്‍ഷം പോസ്‌റ്റൊന്ന് തെറിച്ചത് തന്നെ.

അപ്പോഴാണ് എല്‍ എസ് എസ്, യുഎസ് എസ് റിസള്‍ട്ട് വരുന്നത്. മൊബൈലില്‍ ഡാറ്റ നിറച്ച് നെറ്റില്‍ നോക്കിയിരിക്കണം. നമ്മുടെ കുട്ടിയുടെ പേരുണ്ടോ എന്നാണറിയേണ്ടത്. അതിനിടയില്‍ അടുത്ത സ്‌കൂളിന് സ്‌കോളര്‍ഷിപ്പ് കിട്ടിയ വാര്‍ത്ത വാട്‌സ്ആപ് വഴി വരുന്നു. പിരിമുറുക്കം കൂടുന്നു. നമ്മുടെ സ്‌കൂളിനും കിട്ടുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നിട്ടുവേണം നാലഞ്ചു ഫഌക്‌സ് അടിച്ചിറക്കാന്‍. കല്യാണവീട്ടിലിരുന്ന് നാലാളോട് പറയാന്‍.

തിരച്ചില്‍ തുടരുകയാണ്. ഓരോ കുട്ടിയുടെ രജിസ്റ്റര്‍ നമ്പറും അടിച്ചു നോക്കണം. ഇതുവരെ കിട്ടിയിട്ടില്ല. സ്‌കൂളിലെ സഹഅധ്യാപകന്‍ വിളിക്കുകയാണ്. എത്രയെണ്ണമായി? ഇതുവരെ കിട്ടിയതായി അറിവില്ല. തിരച്ചില്‍ തുടരുകയാണ്. സാധ്യത ഉണ്ടോ? പറയാറായിട്ടില്ല. നമ്മുടെ അനുവിന് സാധ്യത ഉണ്ടായിരുന്നല്ലോ. എന്തായി? കിട്ടിയാല്‍ ഇപ്പോ തന്നെ വാട്‌സ്ആപ്പിലിടാം. മാഷ്‌ക്ക് സമാധാനമായി. സാധ്യത തീരെ മങ്ങി. തിരച്ചില്‍ അവസാനിപ്പിച്ചു. ഇനി ഇങ്ങനെ പറയാം. രണ്ട് മാര്‍ക്കിന്റെ കുറവാ, എന്ത് ചെയ്യാം?

കോഴ്‌സില്‍ തന്നെയാണിപ്പോഴും. മാഷന്‍മാര്‍ക്കുള്ള ദിവസക്കൂലി ഇത്തവണ കൈയില്‍ തരില്ലെന്നാണ് കേള്‍ക്കുന്നത്. ബേങ്കില്‍ വരുമത്രേ. അക്കൗണ്ട് നമ്പര്‍ എഴുതി വാങ്ങുന്നുണ്ട്. ചാത്തുവേട്ടന്റെ ചായക്കടയിലെ ബില്ലിന്റെ കാര്യം എന്തുചെയ്യും? ചാത്തുവേട്ടനോട് ബേങ്ക് അക്കൗണ്ട് നമ്പര്‍ തരാന്‍ പറയാം. ചായയുടെയും ചോറിന്റെയും പണം അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞാല്‍ മതിയല്ലോ.

കോഴ്‌സ് കഴിഞ്ഞു. എല്‍ എസ് എസ്, യു എസ് എസ് സര്‍ക്കസും അവസാനിച്ചു. കര്‍ണാടകത്തിലെ കാര്യമെന്തായി? തൂക്ക് സഭയാണ് വന്നത്. ആര്‍ക്കുമില്ല ഭൂരിപക്ഷം. കുപ്പായം തുന്നിച്ചവര്‍ നിരാശരായി. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി. തൂക്കുസഭയാണെങ്കിലും ചാക്കിന് കുറവൊന്നുമുണ്ടാകില്ല. ഭൂരിപക്ഷം തെളിയിക്കും വരെ കൂടെയുള്ളവര്‍ ചാടിപ്പോകാതിരിക്കാന്‍ ചാക്കുമായി നടക്കാം. മാഷന്‍മാര്‍ കുട്ടികള്‍ക്ക് വേണ്ടിയെന്ന പോലെ പാര്‍ട്ടിക്കാര്‍ എംഎല്‍ എമാര്‍ക്കായി.

എണ്ണ വില വീണ്ടും കൂടി. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. ഡീസലേടത്തിക്ക് സപ്തതി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് എഴുപതായത്. ആഘോഷമൊന്നുമുണ്ടായില്ല. പെട്രോളേട്ടന്‍ സപ്തതിയൊക്കെ എന്നോ കടന്ന് നൂറിലേക്കുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴും നല്ല നല്ല ചുറുചുറുക്ക്. പത്രങ്ങളില്‍ ഇങ്ങനെയാണ് വാര്‍ത്ത വരേണ്ടത്. നവതിയുടെ നിറവില്‍, ശതാഭിഷേകം എന്നിങ്ങനെ. നാട്ടുകാര്‍ക്ക് ആഘോഷവുമാകാം. പെട്രോള്‍ പമ്പിന് മുമ്പില്‍ പിറന്നാളാഘോഷം. കേക്ക് മുറി, പഴയ കാല പെട്രോള്‍ ഉപഭോക്താക്കളെ ആദരിക്കല്‍…ഒന്നാലോചിച്ചു കൂടേ?

---- facebook comment plugin here -----

Latest