വടകരയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Posted on: May 21, 2018 8:41 pm | Last updated: May 22, 2018 at 11:40 am
വടകര കൈനാട്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് പൂര്‍ണമായും തകര്‍ന്ന കാര്‍

വടകര: ദേശീയപാതയില്‍ മുട്ടുങ്ങല്‍ കെ എസ് ഇ ബി ഓഫീസിന് മുന്‍വശത്ത് കാറും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു.

തലശ്ശേരി കുറിച്ചിയില്‍ പറയങ്ങാട്ട് ഹാരിസ്- ത്വാഹിറ ദമ്പതികളുടെ മകന്‍ സഹീര്‍ (20), പുന്നോല്‍ റൂഫിയ മന്‍സില്‍ നൗഷാദ്- റൂഫിയ ദമ്പതികളുടെ മകന്‍ നിഹാല്‍ (22), പുന്നോല്‍ കുറിച്ചിയില്‍ ഇസ്മാഈല്‍- ഫൈറൂസി ദമ്പതികളുടെ മകന്‍ അനസ്(19), തലശ്ശേരി ടെംപിള്‍ ഗേറ്റില്‍ കുറിച്ചിയില്‍ സുലൈഖ മഹലില്‍ മുഹമ്മദ് തലാട്ട് ഇഖ്ബാല്‍ (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.20 ഓടെയാണ് സംഭവം. രാത്രി ഒമ്പതരയോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മുഹമ്മദ് തലാട്ട് ഇഖ്ബാലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതോടെയാണ് പോലീസ് തലശ്ശേരി പോലീസുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയ ശേഷം മരിച്ചവരെ തിരിച്ചറിഞ്ഞു.

വടകര കൈനാട്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച സ്ഥലത്ത് റോഡില്‍ പരന്ന ചോരയും ഡീസലും പോലീസ് വെള്ളമടിച്ച് കഴുകുന്നു

പരുക്കേറ്റ ത്വല്‍ഹത്തിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കെ എല്‍ 58 ബി 3158 മാരുതി സ്വിഫ്റ്റ് കാറും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ എല്‍ 11 ബി ഇ 6196 കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് കാറിനകത്തുള്ളവരെ പുറത്തേക്ക് എടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.