കൊടുവള്ളിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

Posted on: May 19, 2018 6:12 am | Last updated: May 19, 2018 at 12:07 am

കൊടുവള്ളി: ജ്വല്ലറി കുത്തിത്തുറന്ന് കൊടുവള്ളിയില്‍ 87 ലക്ഷത്തിന്റെ കവര്‍ച്ച. ഓപ്പണ്‍ എയര്‍ സ്റ്റേജിന് സമീപം ദേശീയപാതയില്‍ വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മൂന്ന് കിലോ വീതം സ്വര്‍ണം, വെള്ളി ഉരുപ്പടികളും രണ്ടര ലക്ഷം രൂപയുമാണ് കവര്‍ന്നത്.

കൊടുവള്ളി സി ഐ. പി ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചാണ് മോഷണം നടത്തിയത്. ജ്വല്ലറിയിലെ സി സി ടി വി സംവിധാനവും മോഷ്ടാക്കള്‍ തകര്‍ത്തു.
പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വടകരയില്‍ നിന്നെത്തിയ വിരലടയാള പരിശോധകരും സ്ഥലത്ത് പരിശോധന നടത്തി.

സമീപത്തെ കടകളിലെ സി സി ടി വികളും പോലീസ് പരിശോധിച്ചു. ഇതര സംസ്ഥാന മോഷ്ടാക്കളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.