Connect with us

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ്:  വെള്ളാപ്പള്ളിയും തുഷാറും വെട്ടില്‍

Published

|

Last Updated

ചെങ്ങന്നൂര്‍: എസ് എന്‍ ഡിപി ചെങ്ങന്നൂര്‍ യൂനിയന് കീഴിലുള്ള മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റുമായ തുഷാറുമുള്‍പ്പടെ എട്ട് പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.

എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി സെക്രട്ടറിയും മുന്‍ ഇടമുറി ശാഖാ യോഗം സെക്രട്ടറിയുമായിരുന്ന മാമ്പ്ര ഹരിശ്രീയില്‍ സുദര്‍ശനന്‍ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി. കഴിഞ്ഞ അഞ്ചിന് ന് സുദര്‍ശനന്‍ ഇതുമായി ബന്ധപ്പെട്ട പരാതി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്തിരുന്നു. എന്നാല്‍, പോലീസ് നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചെങ്ങന്നൂര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രതീഷ് കുമാര്‍, ചെങ്ങന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി ശ്രീരംഗം, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍, ചെങ്ങന്നൂര്‍ യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, മുന്‍ യൂനിയന്‍ സെക്രട്ടറി അനു സി സേനന്‍, മുന്‍ യൂനിന്‍ പ്രസിഡന്റ് കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

എസ് എന്‍ ഡി പി യോഗത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് പദ്ധതി വഴി വായ്്പകള്‍ തരപ്പെടുത്തി കൊടുക്കുന്നതിന് ഇന്ത്യന്‍ ബേങ്ക്, യൂനിയന്‍ ബേങ്ക്, ഐ ഒ ബി, ധനലക്ഷ്മി ബേങ്ക് തുടങ്ങി വിവിധ ബേങ്കുകളുമായി ധാരണ ഉണ്ടാക്കുകയും അതനുസരിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ എസ് എന്‍ ഡി പി ചെങ്ങന്നൂര്‍ യൂനിയന്‍ ഭാരവാഹികളുമായി ആലോചിച്ച് അടുപ്പക്കാരായ യോഗം പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി അവര്‍ക്ക് ആവശ്യമായ തുകകള്‍ കൈമാറുകയായിരുന്നവെന്നാണ് ആരോപണം. ഇപ്രകാരം ശാഖ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച വ്യാജ സംഘങ്ങളിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

ശീനാരായണ സത്രം, യൂനിയന്‍ ബില്‍ഡിംഗ് പുനരുദ്ധാരണം, വിവാഹ പത്രിക, വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്, ഗൃഹോപകരണ വായ്പ, മൈക്രോ ഫിനാന്‍സ് തുടങ്ങിയവ മറയാക്കിയാണ് കോടിക്കണക്കിന് രൂപയുടെ തിരിമറി യൂനിയനില്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു. സംഭാവന നല്‍കിയവരുടെ പേരു വിവരങ്ങളും തുകകളും അടങ്ങിയ വ്യക്തമായ കണക്ക് ഇനം തിരിച്ച് പ്രസിദ്ധീകരിക്കാത്തിടത്തോളം കാലം യൂനിയനില്‍ നടന്നു വന്ന സാമ്പത്തിക ക്രമക്കേടുകളുടെ യഥാര്‍ഥ വിവരം അവ്യക്തമാണ്.

എന്നാല്‍, കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കോടതി നിരീക്ഷിച്ച വെള്ളാപ്പള്ളി നടേശനും മറ്റ് പ്രതികള്‍ക്കുമെതിരെയുള്ള പരാതി സി എം പി 156(3/ബി) പ്രകാരം എഫ് ഐ ആര്‍ ഇട്ട് പോലീസിനോട് നിര്‍ദേശിക്കാന്‍ മാത്രമാണ് കോടതി ചെയ്തിട്ടുള്ളതെന്നും പോലീസിന്റെ തുടര്‍ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പറ്റുവെന്നും നിലവിലെ അഡ്മിനിസ്റ്റേറ്ററി കമ്മറ്റി ചെയര്‍മാന്‍ അനില്‍ പി ശ്രീരംഗവും കണ്‍വീനര്‍ സുനില്‍ വള്ളിയിലും പ്രതികരിച്ചു.

---- facebook comment plugin here -----

Latest