മണിപ്പൂര്‍, ഗോവ, മേഘാലയ, ബിഹാര്‍: കര്‍നാടക ഇഫക്ട്

ഗവര്‍ണറെ കാണാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം ഗോവയിലെ എം എല്‍ എമാര്‍ ഇന്ന് ഗവര്‍ണറെ കാണും
Posted on: May 18, 2018 6:12 am | Last updated: May 17, 2018 at 11:27 pm

ന്യൂഡല്‍ഹി: കര്‍ണാടകക്ക് തിരിച്ചടി നാല് സംസ്ഥാനങ്ങളില്‍ നല്‍കാനുറച്ച് പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവ, മണിപ്പൂര്‍, മേഘാലയ, യു പി എ സഖ്യകക്ഷിയായ ആര്‍ ജെ ഡി വലിയ കക്ഷിയായ ബിഹാര്‍ എന്നിവിടങ്ങളില്‍ മന്ത്രിസഭയുണ്ടാക്കാന്‍ വലിയ കക്ഷിയെ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം എല്‍ എമാരോട് ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയില്‍ മന്ത്രിസഭാ രൂപവത്കരണ ആവശ്യമുയര്‍ത്തി പതിനാറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇന്ന് ഗവര്‍ണറെ കാണും.

ബിഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡിയുടെ നേതാവ് തേജസ്വി യാദവ് മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദം ഉയര്‍ത്തി രംഗത്തെത്തി. ഈ നാല് സംസ്ഥാനങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കളും ഇന്നലെ രംഗത്തെത്തി. മണിപ്പൂരില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചില്ലെന്നും ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രോം ഇബോബി സിംഗ് പറഞ്ഞു. അവസരം തന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസി യാദവും പ്രതികരിച്ചു.

ഗോവയിലും ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സ തേടി പോയതിനാല്‍ ബി ജെ പിയിലെ നേതൃത്വ പ്രതിസന്ധികൂടി കണക്കിലെടുത്താണ് പുതിയ നീക്കം. മേഘാലയ കോണ്‍ഗ്രസും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വാദം നിരാശയില്‍ നിന്നാണെന്ന് ബി ജെ പി പ്രതികരിച്ചു. അഞ്ഞൂറ് ദിവസത്തിന് ശേഷം ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് തങ്ങള്‍ വലിയ ഒറ്റക്കക്ഷിയാണെന്ന് പറയുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പരിഹസിച്ചു.

ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, വലിയ കക്ഷിയെ തഴഞ്ഞ് ബി ജെ പിയെയാണ് ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. ബിഹാറില്‍ എണ്‍പത് സീറ്റുള്ള ആര്‍ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി ജെ പിയും ജെ ഡി യുവും സഖ്യമായാണ് ഇവിടെ ഭരിക്കുന്നത്.

കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വലിയ ഒറ്റക്കക്ഷിയെയാണ് മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്ന് കോടതി വിധിച്ചാല്‍ നാല് സംസ്ഥാനങ്ങളിലും ബി ജെ പിക്ക് തിരിച്ചടിയാകും.