ചാക്കിട്ട്പിടിത്തത്തെ ട്രോളിയ ട്വീറ്റ് കേരള ടൂറിസം വകുപ്പ് പിന്‍വലിച്ചു

Posted on: May 16, 2018 3:44 pm | Last updated: May 16, 2018 at 5:32 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ് പിന്‍വലിച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണിത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുന്ന സാഹചര്യത്തില്‍ കര്‍ണാടക എം എല്‍ എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് തയ്യാറാണെന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം ഷെയര്‍ചെയ്ത ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
‘വാശിയേറിയ കര്‍ണാടക തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദം കുറയ്ക്കാന്‍, എല്ലാ എം എല്‍ എമാരെയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു.’ എന്നാണ് കേരള ടൂറിസത്തിന്റെ ട്വീറ്റ്. ടീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് റീ ട്വീറ്റ് ചെയ്തത്. ട്വീറ്റിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയതോടെ, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന വിലയിരുത്തലില്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിലെ കൊഴിഞ്ഞു പോക്ക് ഭീഷണിയെ തുടര്‍ന്ന് എഐസിസി നേതൃത്വം ഇടപെട്ട് ഇവിടുത്തെ 44 എം എല്‍ എമാരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം എ ഐ എ ഡി എം കെ. എം എല്‍ എമാരെ മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയതും വലിയ വാര്‍ത്തയായിരുന്നു.