പൊടിക്കാറ്റ് കനത്തു; ദൂരക്കാഴ്ച കുറഞ്ഞു, ജനം വലഞ്ഞു

Posted on: May 14, 2018 9:55 pm | Last updated: May 18, 2018 at 9:15 pm
റാസ് അല്‍ ഖൈമ അദനില്‍ വീശിയടിച്ച പൊടിക്കാറ്റിന്റെ ദൃശ്യം

രാജ്യമാകെ കനത്ത പൊടിക്കാറ്റില്‍ ജനം വലഞ്ഞു. ഇന്നലെ രാവിലെയോടെയാണ് പൊടിക്കാറ്റ് ശക്തി പ്രാപിച്ചത്.പലരും മുഖം മൂടിയാണ് പുറത്തിറങ്ങിയത്. പൊതു സ്ഥലങ്ങള്‍ വിജനമായിരുന്നു. കനത്ത കാറ്റില്‍ ബോര്‍ഡുകള്‍ തകര്‍ന്നു വീണു. ഇനിയുള്ള ദിവസങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സഊദി അറേബ്യന്‍ മരുഭൂമിയില്‍ നിന്നാണ് പൊടിക്കാറ്റ് ഉത്ഭവിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ അധികം വേഗമുണ്ട്. സഊദി മേഖലയില്‍ നിന്ന് പൊടിപടലങ്ങള്‍ എത്തുന്നുണ്ടെന്നും കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടി. പൊടിക്കാറ്റ് ശക്തമായ അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊടിക്കാറ്റ് അകലുന്നതോടെ രാജ്യത്ത് ചൂടു കൂടാനാണ് സാധ്യത. അബുദാബി ബറഖയില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ഇന്ന് ഉച്ച വരെ പൊടിക്കാറ്റ് ശക്തമായിരിക്കും. റോഡുകളില്‍ പൊടിപടലങ്ങളും മറ്റും നിറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. അലര്‍ജിയുള്ളവര്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധരും നിര്‍ദേശിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും ഇന്നലെ രാവിലെ വാഹനാപകടങ്ങള്‍ ഉണ്ടായി. പൊടിക്കാറ്റില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ പൊടിക്കാറ്റിന്റെ ദൃശ്യം

റാസ് അല്‍ ഖൈമയിലെ അദനിലും അല്‍ ഗൈലിലും സീ അല്‍ സറമിലും രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റ് കാരണം ജനജീവിതം ദുസ്സഹമായി. വാഹനങ്ങള്‍ വേഗം കുറച്ചും ഹെഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിച്ചുമാണ് സഞ്ചരിക്കുന്നത്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ ദയനീയമാണ്. മുഖവും തലയും തുണി കൊണ്ട് മൂടിക്കെട്ടിയാണ് തൊഴിലാളികള്‍ പൊടിക്കാറ്റിനെ അതിജീവിക്കുന്നത്.

അദനിലെ തോട്ടങ്ങളും പരിസരങ്ങളും പൊടിക്കാറ്റില്‍ മുങ്ങി. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന നിലക്കാത്ത പൊടിക്കാറ്റ് കാരണം ജനങ്ങള്‍ പൊറുതിമുട്ടി. കഴിഞ്ഞ വര്‍ഷത്തേക്കാളും ചൂട് കൂടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

അല്‍ ഐന്‍ നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് പൊടിക്കാറ്റ് ആരംഭിച്ചത്. അല്‍ ഐന്റെ എല്ലാ ഭാഗത്തും പൊടിക്കാറ്റ് ബാധിച്ചു. പല സ്ഥലങ്ങളിലും റോഡുകളില്‍ മണല്‍കൂനകള്‍ രൂപപ്പെട്ടു. തുറസായ സ്ഥലങ്ങളില്‍ മുഖാവരണം ധരിച്ചാണ് തൊഴിലാളികള്‍ ജോലിയിലേര്‍പെട്ടത്. റോഡുകളില്‍ രൂപപ്പെട്ട മണല്‍കൂനകള്‍ നഗരസഭാ തൊഴിലാളികള്‍ നീക്കം ചെയ്തു.

പൊടിക്കാറ്റ് കാരണം റോഡുകളില്‍ അപകടങ്ങളില്ലാതിരിക്കാന്‍ അബുദാബി പോലീസ് പട്രോളിംഗ് വാഹനങ്ങളില്‍ രാവിലെ മുതല്‍ നിരന്തരം നിരീക്ഷണം നടത്തി. ദുബൈ-അല്‍ ഐന്‍ പാതയിലെ അല്‍ ഫഖ, അല്‍ ഹയര്‍, മസാകിന്‍, അല്‍ ഫോന എന്നിവിടങ്ങളിലും സുഹൈബ്, നഹല്‍, സൈ്വഹാന്‍ എന്നിവിടങ്ങളിലും കനത്ത തോതില്‍ പൊടിക്കാറ്റ് വീശി.

അബുദാബി നഗരവും പൊടിപടലങ്ങളില്‍ മുങ്ങിയ നിലയിലായിരുന്നു. മേഘാവൃതവുമായ കാലാവസ്ഥയായിരുന്നു ഇന്നലെ തലസ്ഥാന നഗരം. ഈ സീസണില്‍ രാജ്യത്തെ എല്ലാ മേഖലയിലും ശക്തമായ പൊടിക്കാറ്റും കടല്‍ ക്ഷോഭവുമുണ്ടാകും. ചൊവ്വാഴ്ച വരെ ചൂടും മൂടിക്കെട്ടിയ കാലാവസ്ഥ തുടരും. ദുബൈ, അബുദബി എന്നിവിടങ്ങളില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 30-40 ലെത്തി. അബുദാബി എയര്‍പോര്‍ട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസും, ജുമൈറയില്‍ 34.7 ഡിഗ്രി സെല്‍ഷ്യസും അജ്മാനില്‍ 32.8 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ ചൂട് രേഖപ്പെടുത്തിയത്.
അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. അബുദാബി-ദുബൈ, അബുദാബി-സഊദി അറേബ്യ റോഡുകളില്‍ പൊടിക്കാറ്റ് കാരണം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിലെ പ്രധാന റോഡുകളില്‍ ദൂരക്കാഴ്ച വളരെ കുറവായിരുന്നു. കാലാവസ്ഥാ വ്യതിയാന സമയത്ത് സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതലെടുക്കണമെന്ന് യു എ ഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്‍കൂട്ടി അറിയിച്ചു.

പൊടിക്കാറ്റ്; വ്യോമഗതാഗതം തടസ്സപെട്ടു

ദുബൈ: യു എ ഇയില്‍ ശക്തമായ പൊടിക്കാറ്റ് വിമാന ഗതാഗതത്തെ താറുമാറാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ 30 ഓളം സര്‍വീസുകളാണ് ഉച്ചക്ക് 2.20 ഓടെ വൈകിയത്. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര യാത്രക്കാരോട് വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊടിക്കാറ്റിനെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസം നേരിടുന്നതിനാലാണ് യാത്രികരോട് നേരത്തെ എത്തുന്നതിന് അധികൃതര്‍ ആവശ്യപ്പെട്ടത്. അതേസമയം, അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, കുവൈത്ത്, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരേണ്ട വിമാന സര്‍വീസുകളാണ് വഴി തിരിച്ചു വിട്ടത്. ജിദ്ദ, കിഷ് എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളും വൈകിയതില്‍ ഉള്‍പെടും.

അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ചില സര്‍വീസുകള്‍ വൈകിയിട്ടുണ്ട്. യാത്രക്കാര്‍ തങ്ങളുടെ യാത്രകള്‍ പുതിയ വിവരങ്ങള്‍ക്കനുസരിച്ചു പുനഃക്രമീകരിക്കണമെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന കമ്പനി ഫ്ളൈ ദുബൈ അറിയിച്ചു. ഫ്‌ളൈ ദുബൈയുടെ 20 സര്‍വീസുകളാണ് വൈകിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട മറ്റിതര വിമാനക്കമ്പനികളുടെ സര്‍വീസുകളും വൈകിയവയില്‍ ഉള്‍പെടും. അതേസമയം, എമിറേറ്റ്‌സ് വിമാനങ്ങളെ കാലാവസ്ഥ വ്യതിയാനം കാര്യമായി ബാധിച്ചിരുന്നില്ല. പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ എമിറേറ്റ്‌സ് സര്‍വീസുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തിയെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് യു എ ഇയില്‍ വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വാഹനമോടിക്കുന്നവരോട് ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.