നാണക്കേടിന്റെ വേദനയകറ്റാന്‍ ആസ്‌ത്രേലിയക്ക് ഇനി പെയിന്‍ !

Posted on: May 9, 2018 11:37 am | Last updated: May 9, 2018 at 11:37 am

സിഡ്‌നി: ആസ്‌ത്രേലിയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ടിം പെയിനിനെ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പ്രഖ്യാപിച്ചു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ നാണം കെട്ട ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് പുതിയ മാറ്റങ്ങളിലൂടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ആരോണ്‍ ഫിഞ്ചാണ് വൈസ് ക്യാപ്റ്റന്‍.
ജസ്റ്റിന്‍ ലാംഗര്‍ ഓസീസ് കോച്ചായതിന് ശേഷം എടുത്ത ആദ്യ സുപ്രധാന തീരുമാനമാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി.

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയാണ് ഓസീസിന് മത്സരമുള്ളത്. മുപ്പത്തിമൂന്ന് വയസുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ടെസ്റ്റ് ക്യാപ്റ്റനായും തിരഞ്ഞെടുത്തിട്ടുണ്ട്. നായകന്‍ സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടലിന് നേതൃത്വം നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് പന്ത്രണ്ട് മാസം വിലക്കുമായി സ്മിത് പുറത്താണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെയാണ് ഓസീസ് ടീം നാണക്കേടായ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ പിടിക്കപ്പെട്ടത്. അതിന് ശേഷം ഓസീസ് ടീം നടത്തുന്ന ആദ്യ പരമ്പരയാകും ഇംഗ്ലണ്ടിനെതിരെയുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണിത്.
ടിം പെയിനിന് കീഴില്‍ ഓസീസ് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുമെന്ന് ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് ശുഭാപ്തി പ്രകടിപ്പിച്ചു.

ദേശീയ ടീമിലേക്ക് കഴിഞ്ഞ നവംബറിലാണ് ടിം പെയിന്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങളോളം അവസരമില്ലാതെ കരക്കിരുന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ഗൗരവമായി ആലോചിച്ച ടിം പെയിന്‍ കരിയറിലെ പുതിയ ഉയരത്തിലാണിപ്പോള്‍.
ലോര്‍ഡ്‌സില്‍ ജൂണ്‍ പതിമൂന്നിനാണ് പരമ്പര ആരംഭിക്കുക. 2019 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഓസീസ് പുതിയ നേതൃത്വത്തെയും സ്‌ക്വാഡിനെയും പരീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ഒരു ടി20 മത്സരവും ഓസീസ് കളിക്കും. ഇതിന് പതിനാലംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോണ്‍ ഫിഞ്ചാണ് നായകന്‍. അലക്‌സ് കാരെ ഉപ നായകന്‍.
ഇംഗ്ലണ്ട് ടൂറിന് ശേഷം ഓസീസ് പാക്കിസ്ഥാനും സിംബാബ്വെയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും കളിക്കും.

ആസ്‌ത്രേലിയ ഏകദിന ടീം: ടിം പെയിന്‍ (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച് (വൈസ് ക്യാപ്റ്റന്‍), ആഷ്ടന്‍ അഗര്‍, അലക്‌സ് കാരെ, ജോഷ് ഹാസല്‍വുഡ്,ട്രവിസ് ഹെഡ്, നഥാന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷോണ്‍ മാര്‍ഷ്, ജിയെ റിചാര്‍ഡ്‌സന്‍, കാന്‍ റിചാര്‍ഡ്‌സന്‍, ഡര്‍സിഷോര്‍ട്, ബില്ലി സ്റ്റാന്‍ലേക്, മാര്‍കസ് സ്‌റ്റോയിനിസ്, ആന്‍ഡ്രൂ ടയെ.

ട്വന്റി 20 ടീം : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്‌സ് കാരെ (വൈസ് ക്യാപ്റ്റന്‍), ആഷ്ടന്‍ അഗര്‍, ട്രവിസ് ഹെഡ്, നിക് മാഡിന്‍സന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ജിയെ റിചാര്‍ഡ്‌സന്‍, കാന്‍ റിചാര്‍ഡ്‌സന്‍, ഡാര്‍സി ഷോര്‍ട്, ബില്ലി സ്റ്റാന്‍ലേക്, മാര്‍കസ് സ്‌റ്റോയിനിസ്, മിച്ചല്‍ സ്വെപ്‌സന്‍, ആന്‍ഡ്രൂ ടയെ, ജാക് വില്‍ഡര്‍മുത്.