ജപ്പാന്‍ പ്രധാനമന്ത്രിക്ക് നെതന്യാഹു ഭക്ഷണം വിളമ്പിയത് ഷൂവിനുള്ളില്‍

Posted on: May 8, 2018 8:46 pm | Last updated: May 8, 2018 at 9:35 pm

ജറുസലേം: ജപ്പാന്‍ പ്രധാനമന്ത്രിക്ക് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ വസതിയിലൊരുക്കിയ വിരുന്നില്‍ ഷൂവിനുള്ളില്‍ ഭക്ഷണം നല്‍കിയത് വിവാദമായി . രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെയും സംഘവും ഇസ്‌റാഈലിലെത്തിയപ്പോഴാണ് സംഭവം. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ഷിന്‍സോ അബേക്കും ഭാര്യ അകി അബേക്കും ഒരുക്കിയ രാജകീയ വിരുന്നിലാണ് വിവാദ സംഭവം.

വിരുന്ന്്്തയ്യാറാക്കിയ മുഖ്യ പാചകക്കാരന്‍ മോഷെ സെര്‍ജി വിരുന്നുകാര്‍ക്കുള്ള ചോക്ലേറ്റ് ശേഖരം നിറച്ച് വെച്ചത് മേശപ്പുറത്തുള്ള കറുത്ത ഷൂവിലായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ജപ്പാനീസ് നയതന്ത്രജ്ഞര്‍ തങ്ങളുടെ പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇസ്‌റാഈല്‍ വിദേശകാര്യ ഉദ്യോഗസ്ഥരും സംഭവത്തെ അപലപിച്ചു. പിന്നീടാണ് മുഖ്യ പാചകക്കാരന്‍ ഇത് യഥാര്‍ഥ ഷൂ അല്ലെന്നും ലോഹം കൊണ്ടുള്ള കലാരൂപമാണെന്നും വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഷെഫ് ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.