Connect with us

National

പരിധി വിട്ടാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് രാഹുലിനോട് മോദി

Published

|

Last Updated

ഹുബ്ലി: മോദിക്കെതിരായ കോണ്‍ഗ്രസിന്റെ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരിധിവിട്ടാല്‍ ഇരുവരും വലിയ വിലകൊടുക്കേണ്ടിവരുമെന്ന് മോദി രാഹുലിനും സോണിയാ ഗാന്ധിക്കും മുന്നറിയിപ്പ് നല്‍കി. ഹുബ്ലിയില്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി രൂക്ഷമായി പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും പേര് പറയുന്നതിന് പകരം “കോണ്‍ഗ്രസ് അമ്മയും മകനുമെന്നാണ്” പ്രസംഗത്തിലുടനീളം മോദി പരാമര്‍ശിച്ചത്. താനൊരിക്കലും പരിധിവിട്ട് സംസാരിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ നിങ്ങള്‍ പൊതുസ്ഥലത്ത് പരിധിവിട്ട് സംസാരിക്കുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസിലെ അമ്മയും മകനും കോടതിയില്‍ നിന്ന് ജാമ്യമെടുത്തതെന്ന് വിശദമാക്കണം. എന്ത് കാര്യത്തിനാണ് നിങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണം, നിങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വിശദമാക്കണം മോദി ആവശ്യപ്പെട്ടു.

തനിക്കെതിരേ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും യെദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ അദ്ദേഹം കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നും മോദി പറഞ്ഞു. 5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും നാഷണല്‍ ഹെറാള്‍ഡ് കേസ് സൂചിപ്പിച്ചു മോദി പറഞ്ഞു.

ആദ്യമായാണ് തനിക്കെതിരായ ആരോപണങ്ങളില്‍ മോദി രൂക്ഷമായി പ്രതികരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് മോദി നടത്തിയത്. ഓരോ വാക്കും അനുകൂലികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Latest