കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിനുള്ള ചെലവില്‍ വന്‍ വര്‍ധന

Posted on: May 6, 2018 2:52 pm | Last updated: May 6, 2018 at 4:27 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിനുള്ള ചെലവില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. 2011-12 വര്‍ഷം കേസ് നടത്തിപ്പിനായി 11 കോടിരൂപക്കടുത്താണ് ചെലവഴിച്ചതെങ്കില്‍ 2017-18 വര്‍ഷം അത് 42.40 കോടി രൂപയായി ഉയര്‍ന്നുവെന്ന് നിയമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. നിയമ മന്ത്രാലയം പാര്‍ലമെന്റ് കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2011-12 വര്‍ഷം സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി നിയമ മന്ത്രാലയം ചെലവഴിച്ചത് 10.99 കോടി രൂപയാണ്. നിയമ ഉദ്യോഗസ്ഥരും അഭിഭാഷകരും സര്‍ക്കാര്‍ പ്രതിനിധികളും സുപ്രീം കോടതിയില്‍ ഹാജരായതിനുള്ള ഫീസിനത്തിലാണിത്. എന്നാല്‍ 2013-14 വര്‍ഷം് 11.73 കോടി രൂപയായും 2016-17 വര്‍ഷം 32.06 കോടി രൂപയായും ഇത് ഉയര്‍ന്നു. എന്നാല്‍ 2017മുതല്‍ ഈ വര്‍ഷം ഫിബ്രവരി 22 വരെ മാത്രം പ്രൊഫഷണല്‍ ഫീസിനത്തില്‍ 42.40 കോടി രൂപയാണ് ചിലവഴിച്ചതെന്ന് നിയമ മന്ത്രാലയം പറയുന്നു. മന്ത്രാലയം പാനലിലുള്ള മുതിര്‍ന്ന അഭിഭാഷകരെ പ്രധാനപ്പെട്ട കേസ് ഏല്‍പ്പിക്കുന്നതും നേരത്തെ മാസങ്ങളെടുത്തു കൊടുത്തു തീര്‍ത്തിരുന്ന കുടിശ്ശികകള്‍ 60 ദിവസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കുന്നതുമാണ് ചെലവിനത്തില്‍ ഇത്ര വര്‍ധന കാണിക്കുന്നതെന്ന് മന്ത്രാലയം പറയുന്നു. കേസുകളിലുണ്ടാകുന്ന വര്‍ധനയും ചിലവ് വര്‍ധിപ്പിക്കുന്നുണ്ട്.