Connect with us

Kerala

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണം: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പുരസ്‌കാര ചടങ്ങ് വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവെച്ച കേന്ദ്ര സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. വിഷയത്തില്‍ ഗുരുതരവീഴ്ചയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്ത് ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് 68 പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. അറുപത് പേര്‍ വിവേചനം ചൂണ്ടിക്കാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തുറന്ന കത്തെഴുതുകയും ചെയ്തു. 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കൂവെന്ന തീരുമാനമാണ് പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിലേക്കും നയിച്ചത്. രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ജേതാക്കളെ അറിയിച്ചത്. തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.

Latest