Connect with us

National

ജെ ഡി എസ്- ബി ജെ പി സഖ്യം ആരോപിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ബെംഗളൂരു: ജനതാദള്‍- എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസ്- ബി ജെ പി കക്ഷികള്‍ ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ പ്രകടമായ തെളിവാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യ കണ്ട ഏറ്റവും ശ്രേഷ്ഠനായ രാഷ്ട്രീയ നേതാവാണ് എച്ച് ഡി ദേവഗൗഡയെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ദേവെഗൗഡയെ കോണ്‍ഗ്രസ് പലതവണ അവഹേളിച്ചെന്നും മോദി പറഞ്ഞുവെച്ചു. ഉഡുപ്പിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് ദേവഗൗഡയെ മോദി പുകഴ്ത്തിയത്.

തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ ജെ ഡി എസും ബി ജെ പിയും രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും ജനതാദളിനെ തലോടിയുള്ള മോദിയുടെ പ്രസംഗം അതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

2006ല്‍ നടന്ന തിരഞ്ഞെടുപ്പിലേത് പോലെ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയാല്‍ മകന്‍ കുമാരസ്വാമി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് ദേവെഗൗഡ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ജെ ഡി എസ് അധ്യക്ഷന്റെ വൈകാരിക നിലപാടോടെ ബി ജെ പി- ജെ ഡി എസ് സഖ്യസാധ്യതകള്‍ അവസാനിച്ചുവെന്ന് വിലയിരുത്തലുമുണ്ടായി. എന്നാല്‍, ഈ സാഹചര്യം നിലനില്‍ക്കെ തന്നെ ദേവെഗൗഡയെ പുകഴ്ത്തി മോദി രംഗത്തെത്തിയത് പുതിയ സൂചനകള്‍ നല്‍കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ നിരീക്ഷണം. ചാമരാജനഗറിലും ഉഡുപ്പിയിലും മോദി പങ്കെടുത്ത റാലികള്‍ ഇരു കക്ഷികളുടെയും രഹസ്യധാരണക്ക് തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

മൈസൂരു മേഖല ജനതാദള്‍- എസിന്റെ കോട്ടയായിട്ടും ഇവിടെ നടത്തിയ പ്രസംഗത്തില്‍ ജെ ഡി എസിനെതിരെ ഒരക്ഷരം പോലും സംസാരിക്കാന്‍ മോദി തയ്യാറായില്ല. ഉഡുപ്പിയിലാകട്ടെ ദേവെഗൗഡയെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. അമിത് ഷായും കുമാരസ്വാമിയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് നേരത്തെ രംഗത്തെത്തിയ സിദ്ധരാമയ്യ ഇപ്പോള്‍ മോദിയുടെ ഉഡുപ്പി പ്രസംഗവും ആയുധമാക്കിയിരിക്കുകയാണ്.

ബി ജെ പി- ജെ ഡി എസ് സഖ്യമെന്ന കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണത്തെ ദേവെഗൗഡയുടെ വൈകാരിക പ്രതികരണത്തിലൂടെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ആശ്വസിച്ച ജെ ഡി എസിന് മോദിയുടെ പുകഴ്ത്തല്‍ പ്രസംഗം കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ന്യൂനപക്ഷ വോട്ടര്‍മാര്‍ ജെ ഡി എസിനെ സംശയിക്കാന്‍ മോദിയുടെ പ്രസംഗം വഴിയൊരുക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക.

അതേസമയം, തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ജെ ഡി എസിന് വോട്ട് ചെയ്യാനുളള പരസ്യ ആഹ്വാനമാണ് മോദി നടത്തിയതെന്ന വിലയിരുത്തലുമുണ്ട്.

ദേവെഗൗഡയെ വൃദ്ധസദനത്തിലേക്ക് അയക്കണമെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മോദി പറഞ്ഞിരുന്നു. മോദി ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ രഹസ്യധാരണയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.