സഊദി വിസിറ്റിംഗ് വിസ നിരക്ക് കുത്തനെ കുറച്ചു

Posted on: May 2, 2018 10:17 pm | Last updated: May 18, 2018 at 9:15 pm

റിയാദ്: സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസ നിരക്ക് കുത്തനെ കുറച്ചു. 2000 റിയാല്‍ ഫീസില്‍ നിന്ന് 300 റിയാല്‍ ആയാണു പുതിയ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വിസിറ്റ് വിസ സ്റ്റാംബിംഗിനു കോണ്‍സുലേറ്റിനെ സമീപിച്ച ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാരാണു ഇക്കാര്യം അറിയിച്ചത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് പുതിയ തീരുമാനം. സഊദി മന്ത്രിസഭാ തീരുമാന പ്രകാരം നേരത്തെ 200 റിയാല്‍ വിസിറ്റിംഗ് വിസ ഫീസ് ഉണ്ടായിരുന്നതാണു 2016 ഒക്ടോബറില്‍ 2000 റിയാല്‍ ആക്കി ഉയര്‍ത്തിയിരുന്നത്. 2000 റിയാല്‍ ആക്കിയ ശേഷം വിസിറ്റിംഗ് വിസക്ക് കുടുംബത്തെ കൊണ്ട് പോകുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ് സംഭവിച്ചിരുന്നു.

300 റിയാല്‍ സ്റ്റാംബിംഗ് ചാര്‍ജ്ജ് ആകുന്നതോടെ ഒരു പാസ്‌പോര്‍ട്ടിനു 30,000 രൂപയിലധികം സ്റ്റാമ്പിംഗ് വകുപ്പില്‍ മാത്രം ലാഭിക്കാം. പുതിയ തീരുമാനം സൗദി സാമ്പത്തിക മേഖലക്ക് പുത്തനുണര്‍വ്വായി മാറും. ലക്ഷക്കണക്കിനു പ്രവാസി കുടുംബങ്ങള്‍ വിസിറ്റിംഗ് വിസ ഫീസ് 2000 ആക്കിയതിനാല്‍ കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് പോകാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്നു.

ഇനി സഊദിയിലേക്ക് പ്രവാസി കുടുംബങ്ങളുടെ ഒഴുക്കായിരിക്കും. ഇത് സാംബത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഫൈനല്‍ എക്‌സിറ്റില്‍ കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്നത് കൂടിയതിനാല്‍ കെട്ടിടങ്ങളിലെല്ലാം ആളില്ലാത്ത അവസ്ഥ നിലവില്‍ സംജാതമായിരുന്നു. എന്നാല്‍ വിസിറ്റിംഗിനു ആളുകള്‍ കൂടുതല്‍ എത്തുന്നതോടെ ഈ അവസ്ഥക്ക് മാറ്റമുണ്ടാകും. മൂന്ന് മാസത്തേക്കാണു ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാംബ് ചെയ്യാറുള്ളത്. മൂന്ന് മാസ കാലാവധി അവസാനിക്കാറാകുമ്പോള്‍ വീണ്ടും മൂന്ന് മാസത്തേക്ക് കൂടെ പുതുക്കാന്‍ സാധിക്കും.

ഏതായാലും പുതിയ തീരുമാനം സഊദി സാമ്പത്തിക മേഖലയില്‍ ഒരു വഴിത്തിരിവിനു തന്നെ കാരണമായേക്കാം. മാന്ദ്യത്തിലായ കച്ചവടസ്ഥാപനങ്ങള്‍ എല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരുമെന്നാണു കണക്ക് കൂട്ടല്‍.

2000 റിയാല്‍ ഫീസ് ആയതിനു ശേഷം വിസിറ്റിംഗ് വിസക്ക് പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോള്‍ ഫീസ് 300 റിയാല്‍ ആയി കുറച്ചതിനാല്‍ ആളുകള്‍ ധാരാളമായി ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുമെന്നാണു കരുതുന്നത്. ഇത് ട്രാവല്‍സ് ഏജന്റുമാര്‍ക്കും വിമാനക്കമ്പനികള്‍ക്കുമെല്ലാം ഒരു പോലെ സഹായകരമാകുമെന്നാണു ട്രാവല്‍ ഏജന്റുമാരുടെ പക്ഷം.