Connect with us

Kerala

ലക്ഷ്മണന് വിട

Published

|

Last Updated

ലക്ഷ്മണന്‍

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യക്കാരനും സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനുമായ പി പി ലക്ഷ്മണന് (84) വിട. സംസ്‌കാരം നാളെ നടക്കും. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ലക്ഷ്മണന്റെ മൃതദേഹം ഇന്നലെ രാവിലെയോടെ സ്വവസതിയായ രോഹിണിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ജില്ലയുടെ രാഷ്ട്രീയ, കായിക, വ്യവസായ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ലക്ഷ്മണിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിന് സമീപത്തുള്ള വസതിയില്‍ എത്തിയത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു ലക്ഷ്മണന്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ എക്‌സിക്യൂട്ടിവ് പ്രസിഡന്റ്, ഫെഡറേഷന്‍ ജൂനിയര്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, ഫെഡറേഷന്‍ കപ്പ് ചെയര്‍മാന്‍, ദേശീയ ഗെയിംസ് ഡറയക്ടര്‍ , ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടര്‍, കണ്ണൂര്‍് സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍, കെ പി സി സി അംഗം, പരിയാരം മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍, റെയ്ഡ്‌കോ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, ജില്ലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കായിക സംഘടനകളും ലക്ഷ്മണന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

കക്കാട് പള്ളിക്കണ്ടി കുമാരന്റെയും രോഹിണിയുടെയും മകനായി 1953നാണ് ലക്ഷ്മണ്‍ ജനിച്ചത്. കക്കാട് കോര്‍ജാന്‍ യു പി സ്‌കൂള്‍, ചിറക്കല്‍ രാജാസ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 16ാം വയസ്സില്‍ ജോലി തേടി കിഴക്കന്‍ ആഫ്രിക്കയിലേക്ക് പോയി. ഇവിടെ റെയില്‍വേയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് സ്റ്റേഷന്‍ മാസ്റ്ററായി. ഇക്കാലയളവില്‍ കുതിരപ്പന്തയത്തില്‍ പങ്കെടുത്ത് വന്‍ തുക സമ്മാനമായി ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. കടുത്ത ദാരിദ്യത്താല്‍ കുടുംബം പുലര്‍ത്താന്‍ ആഫ്രിക്കയിലേക്ക് പോയ അദ്ദേഹം കുതിരപ്പന്തയത്തിലൂടെ ലഭിച്ച ഏഴ് ലക്ഷം സമ്മാനത്തുകയുമായി നാട്ടിലെത്തി ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്തുവെച്ച അദ്ദേഹം നിരന്തര പരിശ്രമത്തിനൊടുവിലാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ പടവുകള്‍ കീഴടക്കിയത്.

നാളെ ഉച്ചവരെ വീട്ടിലും തുടര്‍ന്ന് വൈകിട്ട് 3.30ന് കോര്‍പറേഷന്‍ ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോയി സംസ്‌ക്കാരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: ഡോ. പ്രസന്ന. മക്കള്‍: ഷംല, ഡോ. സ്മിത, ലസിത, നമിത, നവീന്‍, മരുമക്കള്‍: സുജിത്ത് (കോയമ്പത്തൂര്‍), സതീഷ് (അമേരിക്ക), ജയകൃഷ്ണന്‍ (മുംബൈ), പ്രകാശ് (അബൂദബി), സിമിത. സഹോദരങ്ങള്‍: രതീദേവി, സോമനാഥന്‍, ഗംഗാധരന്‍.

---- facebook comment plugin here -----

Latest