കശ്മീരില്‍ യുവതിയെ ബലാത്സംഗം ചെയ്ത മൂന്ന് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: April 30, 2018 9:12 am | Last updated: April 30, 2018 at 9:41 am

ജമ്മു: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

മാര്‍ച്ച് പത്തിനാണ് സംഭവം. ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന 24 കാരിയെ സിആര്‍പിഎഫ് ജവാന്‍മാര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. വഴി തെറ്റിയ തന്നെ സഹായിക്കാമെന്നേറ്റ് കൂട്ടിക്കൊണ്ടുപോയ ജവാന്മാരില്‍ ഒരാള്‍ തന്നെ ക്യാമ്പില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നും മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്തത്.

ജവാന്മാരെ ബന്തലബ് ക്യാംപില്‍ വെച്ച് യുവതിക്കൊപ്പം കണ്ടെത്തിയെന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തതായും സിആര്‍പിഎഫ് വക്താവ് ആഷിഷ് കുമാര്‍ ഝാ പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് മൂന്നാമത്തെയാളെ സസ്‌പെന്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് ഡോംന പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.