കലിയടങ്ങാതെ സിറ്റി

4-1ന് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി
Posted on: April 30, 2018 6:14 am | Last updated: April 29, 2018 at 11:57 pm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമുറപ്പിച്ചിട്ടും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കലിപ്പടങ്ങുന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുനൈറ്റഡിനെ കീഴടക്കി. സനെ, ഗബ്രിയേല്‍ ജീസസ്, ഫെര്‍ണാണ്ടീഞ്ഞോ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. ഒപ്പം സബലേറ്റയുടെ ഓണ്‍ഗോളും സിറ്റിയുടെ വിജയമാര്‍ജിന്‍ കൂട്ടി. ക്രെസ്‌വെല്‍ വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോള്‍ നേടി.

അതേസമയം, ചെല്‍സി മറുപടിയില്ലാത്ത ഒരു ഗോളിന് സ്വാന്‍സി സിറ്റിയെ കീഴടക്കി. നാലാം മിനുട്ടില്‍ ഫാബ്രിഗാസാണ് വിജയഗോള്‍ നേടിയത്.
ഹസാര്‍ഡിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇതോടെ, 50 പ്രീമിയര്‍ ലീഗ് ഗോളുകള്‍ എന്ന നേട്ടവും ഫാബ്രിഗാസ് സ്വന്താക്കി. പ്രീമിയര്‍ ലീഗില്‍ 100 അസിസ്റ്റുകളും അന്‍പത് ഗോളുകളും പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡും ഫാബ്രിഗാസ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. വെയ്ന്‍ റൂണി, റയാന്‍ ഗിഗ്‌സ്, ഫ്രാങ്ക് ലംപാര്‍ഡ് തുടങ്ങിയവരാണ് നേട്ടത്തില്‍ താരത്തിന്റെ മുന്‍ഗാമികള്‍.

ഇതോടെ, 35 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുള്ള ചെല്‍സി ടോപ് ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി. 34 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി ടോട്ടനം ഹോട്‌സ്പര്‍ ആണ് നാലാമത്. മറ്റ് മത്സരങ്ങളില്‍ സൗതാംപ്ടണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെയും വെസ്റ്റ് ബ്രോം മറുപടിയില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ യുനൈറ്റിഡനേയും ക്രിസ്റ്റല്‍ പാലസ് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയേയും പരാജയപ്പെടുത്തി.