Connect with us

International

ഗള്‍ഫ് ഐക്യം അനിവാര്യം: യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയിലെ ഐക്യം അനിവാര്യമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. സഊദി വിദേശകാര്യ മന്ത്രി ആദില്‍അല്‍ജുബൈറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യു എസ് വിദേശകാര്യ സെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദിയില്‍ എത്തിയതായിരുന്നു മൈക് പോംപിയോ.

ഗള്‍ഫ് ഐക്യം അനിവാര്യമാണ്. അത് നേടിയെടുക്കുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്പ് ഖത്വറിനെതിരെ സഊദി അറേബ്യയും യു എ ഇയും ബഹ്‌റൈനും ഈജിപ്തും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് മേഖലയില്‍ അസ്വസ്ഥത ശക്തിപ്പെട്ടത്. എന്നാല്‍ ഭീകരവാദത്തെ പിന്തുണക്കുന്നു എന്ന ആരോപണങ്ങള്‍ ഖത്വര്‍ തള്ളിക്കളഞ്ഞിരുന്നു.

കൂടിക്കാഴ്ചക്കിടെ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സഊദി നേതാക്കള്‍ക്ക് മേല്‍ മൈക് പോംപിയോ സമ്മര്‍ദം ചെലുത്തുമെന്ന് നേരത്തെ അമേരിക്ക അറിയിച്ചിരുന്നു.

മൈക് പോംപിയോയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാന്‍ പ്രതിസന്ധി ഉള്‍പ്പടെ മേഖല നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് അമേരിക്കക്കും സഊദിക്കും ഒരേ അഭിപ്രായമാണുള്ളത്. ഇറാന്‍ ആണവ റിയാക്ടറുകളെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ അന്വേഷകരെ ആവശ്യമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ ആ രാജ്യത്തിനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മാസം 12ന് മുമ്പായി മികച്ചൊരു പദ്ധതി തനിക്ക് മുമ്പിലെത്തിയിട്ടില്ലെങ്കില്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരത കയറ്റുമതി ചെയ്യുന്നത് ഇറാനാണെന്ന് കഴിഞ്ഞ ദിവസം പോംപിയോ ആരോപിച്ചിരുന്നു.

ഹൂത്തി വിമതര്‍ സഊദിയിലെ ജിസാനിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സമയത്താണ് പോംപിയോ സഊദിയില്‍ സന്ദര്‍ശനം നടത്തുന്നത്.

ശനിയാഴ്ച ആരംഭിച്ച പോംപിയോയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ഇസ്‌റാഈലും ജോര്‍ദാനും സന്ദര്‍ശിക്കും.

Latest