Connect with us

Articles

വ്യാപാരപ്പോരിലെ അടവുകള്‍

Published

|

Last Updated

കൊളോണിയല്‍ യുദ്ധങ്ങളുടെ പ്രധാന സവിശേഷത അവ ജയിക്കുന്ന ശക്തികള്‍ക്ക് മണ്ണും വിഭവങ്ങളും അന്തമില്ലാത്ത അധികാരവും സമ്മാനിച്ചിരുന്നുവെന്നതാണ്. പക്ഷേ, രണ്ടാം ലോകമഹായുദ്ധത്തിന് ജയപരാജയങ്ങളെ അപ്രസക്തമാക്കുന്ന പരിസമാപ്തിയാണ് ഉണ്ടായത്. അതിര്‍ത്തി വ്യാപനങ്ങള്‍ക്കോ വിഭവസമാഹരണത്തിനോ ഒന്നും അത് വഴിവെച്ചില്ല. പകരം കടുത്ത പ്രതിസന്ധിയാണ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ഒരു പോലെ വരുത്തിവെച്ചത്. സാമ്പത്തിക തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് രാജ്യങ്ങള്‍ എടുത്തെറിയപ്പെട്ടു. സാമൂഹിക മേഖലയില്‍ വലിയ അരാജകത്വത്തിന് അത് വഴിവെച്ചു. യുദ്ധത്തിന്റെ ആരോഗ്യ ആഘാതം വിവരണാതീതമായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും എല്ലാവരെയും ഗ്രസിച്ചു. ഏത് വന്‍ ശക്തിയെയും പാപ്പരാക്കാനുള്ള പ്രഹരശേഷി യുദ്ധത്തിന് ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയാണ് ഇനിയൊരു ലോക യുദ്ധം ഉണ്ടാകരുതെന്ന നിശ്ചയത്തില്‍ വന്‍ ശക്തികളെ എത്തിച്ചത്. എന്നുവെച്ചാല്‍ യുദ്ധവിരാമം ജയിച്ചവരുടെ ആവശ്യമായിരുന്നു. തോറ്റവരുടേത് ആയിരുന്നില്ല. “ഇനിയൊരു യുദ്ധം വേണ്ടാ” എന്ന മുദ്രാവാക്യം ലോകത്തെ കുറിച്ചുള്ള കരുതലില്‍ നിന്ന് ഉണ്ടായ ഒന്നല്ല. ജയിച്ചു നില്‍ക്കുന്നവര്‍ സ്വയം നടത്തിയ കരുതലിന്റെ സങ്കുചിതമായ തലത്തില്‍ നിന്നുള്ള മുദ്രാവാക്യം മാത്രമായിരുന്നു അത്. സായുധമായ ഏറ്റുമുട്ടല്‍ വേണ്ടെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ. സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മറ്റെല്ലാ ഏറ്റുമുട്ടലുകളും തുടരണം. അതുകൊണ്ട് പരിമിത അര്‍ഥത്തിലുള്ള യുദ്ധവിരാമമെന്ന അജന്‍ഡ നടപ്പാക്കാന്‍ ഒരു അന്താരാഷ്ട്ര സംഘടന വേണമായിരുന്നു. അതാണ് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷന്‍സായും പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യ രാഷ്ട്ര സംഘടനയായും (യു എന്‍ ഒ) ആവിഷ്‌കരിക്കപ്പെട്ടത്. ജയിച്ചവര്‍ ജയിച്ചവര്‍ക്കായി രൂപവത്കരിച്ച ഒന്നായി അതിനെ കാണാവുന്നതാണ്. ഈ വസ്തുത മനസ്സിലാകാന്‍ യു എന്നില്‍ ഇന്നും നിലനില്‍ക്കുന്ന വീറ്റോ അധികാരവും രക്ഷാ സമിതി സ്ഥിരാംഗത്വവും മാത്രം നേക്കിയാല്‍ മതി.

വ്യാപാര, സാമ്പത്തിക രംഗത്തെ പരിധിയില്ലാത്ത ഏറ്റുമുട്ടലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വന്‍ ശക്തികള്‍ തിരിച്ചറിഞ്ഞു. വ്യാപാരത്തിന്റെ ദിശയും വ്യവസ്ഥകളും തങ്ങളുടെ തീര്‍പ്പില്‍ നിന്നെങ്കിലേ രാഷ്ട്രീയ മേധാവിത്വത്തില്‍ അര്‍ഥമുള്ളൂവെന്ന് വികസിത രാജ്യങ്ങള്‍ക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഉദാരവത്കരണം, ആഗോളവത്കരണം, നിരുപാധികമായ വ്യാപാരം എന്നൊക്കെ പുറത്ത് പറയുമെങ്കിലും മത്സരത്തിന്റെ സാധ്യകള്‍ അടയ്ക്കുകയും വ്യാപാരത്തെ വരുതിയിലാക്കുകയുമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള വമ്പന്‍ രാജ്യങ്ങള്‍ ചെയ്തത്. ലോകവ്യാപാര സംഘടന (ഡബ്ല്യൂ ടി ഒ) ആയാലും ഐ എം എഫ് ആയാലും ഈ ദൗത്യമാണ് നിവര്‍ത്തിച്ചത്. സ്വതന്ത്ര വ്യാപാര കരാറുകളെല്ലാം വ്യാപാരത്തിന്റെ സ്വാതന്ത്യം ഇല്ലാതാക്കുകയാണ് ചെയ്തത്. അതിന്റെ ഭാഗമായി, പഴയ കൊളോണിയല്‍ കാലത്തെപ്പോലെ, വികസിത രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ അതിര്‍ത്തികള്‍ കീറി മുറിച്ച് ഒഴുകി. വികസ്വര രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ ഈ കുത്തൊഴുക്കില്‍ ഒലിച്ചു പോയി. നിങ്ങള്‍ എല്ലാ തീരുവകളും ഇളവ് ചെയ്ത് വിപണി തുറന്ന് വെക്കണമെന്ന് വികസ്വര അവികസിത രാജ്യങ്ങളെ നിഷ്‌കര്‍ഷിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ പല തരം തീരുവകള്‍ ചുമത്തിയും സബ്‌സിഡി നല്‍കിയും സ്വന്തം ഉത്പന്നങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുകയാണുണ്ടായത്.

സംരക്ഷണമൊരുക്കലിന്റെ “ഭ്രാന്തന്‍ വഴി”കളും എല്ലാ പരിധികളും വിട്ട് മുന്നേറുന്ന വ്യാപാര യുദ്ധവും പുതിയ ആഗോള പ്രതിസന്ധിയായി വളര്‍ന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ ഏറ്റുമുട്ടുന്നത് അമേരിക്കയും ചൈനയുമാണ്. തുല്യശക്തികളായാല്‍ പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നതാണ് ചിരപുരാതനമായ ചട്ടമ്പി നയം. ഈ നയം തെറ്റിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എല്ലാ നീക്കുപോക്കുകളും ലംഘിക്കുകയാണ്. യു എന്‍ വഴി രാഷ്ട്രീയ രംഗത്തും ലോകവ്യാപാര സംഘടന വഴി സാമ്പത്തിക രംഗത്തും വന്‍ ശക്തികള്‍ ഉണ്ടാക്കിയ സഹകരണാധിഷ്ഠിത മത്സരത്തെയാണ് ഇവര്‍ അലോസരപ്പെടുത്തുന്നത്. അത് ഒരര്‍ഥത്തില്‍ ആശാവഹവും മറ്റൊരര്‍ഥത്തില്‍ അപകടകരവുമാണ്. വന്‍ ശക്തികള്‍ കൈകോര്‍ക്കുന്നത് ഏത് മേഖലയിലായാലും ചൂഷണത്തിനാകും വഴി വെക്കുക. അത്‌കൊണ്ട് ഇപ്പോള്‍ തുടങ്ങിയ ഈ കിടമത്സരം പോസിറ്റീവായ ഒന്നാണ്. എന്നാല്‍ ഈ മത്സരം നീണ്ട് നില്‍ക്കുന്നത് വ്യാപാര പ്രതിസന്ധിക്ക് ഇടയാക്കും. തീരുവയാണ് ഈ യുദ്ധത്തിലെ ഒന്നാം ആയുധം. കറന്‍സി മൂല്യമാണ് രണ്ടാം ആയുധം.

മാര്‍ച്ച് ഒന്നിന് അമേരിക്ക സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെയാണ് പുതിയ പോര് തുടങ്ങിയതെന്ന് പറയാം. ലോകത്തിന്റെ ഉരുക്കു നിര്‍മാണത്തിന്റെ പകുതിയും വരുന്നത് പെന്‍സില്‍വാനിയയിലെ ഉരുക്കു ഫാക്ടറികളില്‍ നിന്നാണ്. ചൈനയില്‍ നിന്നുള്ള ഉരുക്കു ഇറക്കുമതി വ്യാപകമായതോടെ ഈ ഫാക്ടറികള്‍ പ്രതിസന്ധിയിലായെന്ന ന്യായമാണ് ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ട്രംപ് കൊണ്ടുവന്ന അമേരിക്കാ ഫസ്റ്റ് എന്ന പ്രൊട്ടക്ഷനിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഇതെന്നും അന്താരാഷ്ട്ര കരാറുകളും മര്യാദകളും ട്രംപ് കാറ്റില്‍ പറത്തിയിരിക്കുന്നുവെന്നും ചൈന തിരിച്ചടിക്കുന്നു. തീരുവാ വര്‍ധനവിന്റെ കെടുതി ഉരുക്ക്, അലൂമിനിയം ഉത്പാദകരായ നിരവധി രാജ്യങ്ങളെ ബാധിക്കുമെങ്കിലും ലക്ഷ്യമിട്ടത് ചൈനയെയാണ്, പ്രതികരിച്ചതും അവരാണ്. ഏപ്രില്‍ ഒന്നിന് ചൈന തിരിച്ചടിച്ചു. വൈന്‍, ഇറച്ചി, പഴം തുടങ്ങി 125 ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചു കൊണ്ടായിരുന്നു അത്. അമേരിക്കക്ക് 100 കോടി ഡോളറിന്റെ വ്യാപാര നഷ്ടമാണുണ്ടായത്. അതോടെ ട്രംപ് ആക്രോശം തുടങ്ങി. ഒരു വശത്ത് നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മറുവശത്ത് വ്യാപാര പോര് ശക്തമാകുകയായിരുന്നു.

ഏപ്രില്‍ മൂന്നിന് തന്നെ ട്രംപിന്റെ അടുത്ത വെടി മുഴങ്ങി. ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം കൂട്ടി. മൊത്തം 1333 ഉത്പന്നങ്ങളെയാണ് ഇത് ബാധിച്ചത്. അമേരിക്കന്‍ മാളുകളില്‍ നിന്ന് ചൈനീസ് ഉത്പന്നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പിന്നെ അവ കളിസ്ഥലമാക്കുന്നതാണ് നല്ലത്. അത്രമേല്‍ ചൈനീസ് ആശ്രിതമാണ് അമേരിക്കന്‍ നിത്യോപയോഗ സാധന വിപണി. “മേഡ് ഇന്‍ ചൈന”ക്കെതിരെ യു എസ് നടത്തിയ ഏരിയല്‍ ബോംബിംഗ് ചൈനക്ക് സഹിക്കാനാകുമായിരുന്നില്ല. ഏപ്രില്‍ അഞ്ചിന് തന്നെ അവര്‍ മറുപടി നല്‍കി. സോയ അടക്കം 106 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിച്ചുങ്കം കൂട്ടി. അമേരിക്കന്‍ സോയാബീന്റെ 60 ശതമാനം വാങ്ങുന്നത് ചൈനയാണ്. സിറിയ, ഉത്തര കൊറിയ വിഷയങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിഞ്ഞതോടെ ഈ യുദ്ധത്തിന്റെ പരിണാമം മന്ദഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും അവസാനിച്ചിട്ടില്ല. ഈ കൈവിട്ട കളിക്കെതിരെ ട്രംപ് ഭരണകൂടത്തില്‍ നിന്നു തന്നെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഗാരി കോഹന്‍ അടക്കമുള്ളവരുടെ രാജി ഇതിന്റെ തെളിവാണ്.

ഏറ്റുമുട്ടുന്നത് ചൈനയും അമേരിക്കയുമാണെങ്കിലും പ്രത്യാഘാതം എല്ലാവരും ചേര്‍ന്ന് അനുഭവിക്കേണ്ടി വരുന്നുവെന്നതാണ് വ്യാപാര യുദ്ധത്തിന്റെ സവിശേഷത. ഇപ്പറഞ്ഞ ഉത്പന്നങ്ങളെല്ലാം ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളും ഇന്ത്യയടക്കമുള്ള വികസ്വര ചേരിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ തമ്മിലൊക്കെ അമേരിക്കയും ചൈനയും പല നിലകളിലുള്ള കരാറുകള്‍ ഒപ്പുവെച്ചിട്ടുമുണ്ട്. ഈ ഏറ്റുമുട്ടലില്‍ എല്ലാവര്‍ക്കും പരുക്കേല്‍ക്കുന്നുവെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ മറ്റെല്ലാ ചട്ടമ്പിത്തരങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ബ്രിട്ടനും ഫ്രാന്‍സുമെല്ലാം ട്രംപിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നു. ചൈനീസ് സുഹൃത്തുക്കളായ റഷ്യയും ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സി ജിന്‍പിംഗിനെയും വിമര്‍ശിക്കുന്നു.

ആഗോളവത്കരണം മേധാവിത്വത്തിന്റെ ആഗോളവത്കരണമായിരുന്നുവെങ്കില്‍ അതിനേക്കാള്‍ അപകടകരമായ പ്രവണതയാണ് അമേരിക്കാ ഫസ്റ്റ് പോലുള്ള അടച്ചിടല്‍ നയം. ആഗോളവത്കരണത്തിന്റെ അപ്പോസ്തലന്‍മാരായ അമേരിക്ക തന്നെയാണ് അതിന്റെ വിപരീതത്തില്‍ സഞ്ചരിക്കുന്നത്. ഉത്പാദനരംഗത്ത് വെല്ലുവിളിയുയര്‍ത്തി നിരവധി സമ്പദ്‌വ്യവസ്ഥകള്‍ ഉയര്‍ന്നു വരികയും അപ്രതീക്ഷിതമായ കോണില്‍ നിന്നു പോലും കടുത്ത മത്സരം വരികയും ചെയ്യുമ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ മറു വഴി തേടുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. 2008ലെ വാള്‍സ്ട്രീറ്റ് പതനത്തോടെ തന്നെ അമേരിക്ക ഇത് തുടങ്ങിയിരുന്നു. മുതലാളിത്തം തികച്ചും അവസരവാദപരമാണ്. പ്ലേഗ് പടര്‍ന്നു പിടിക്കുമ്പോള്‍ ആദ്യം അത് മരുന്നുണ്ടാക്കി വില്‍ക്കും. മരുന്ന് ഫലിക്കാതെ മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ ശവപ്പെട്ടിയുണ്ടാക്കും.

ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയാകാന്‍ കുതിക്കുന്ന ചൈനയുടെ വെല്ലുവിളി ഇറക്കുമതി തീരുവയെന്ന സംരക്ഷണ ഭിത്തി ഉയര്‍ത്തിക്കൊണ്ട് പ്രതിരോധിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. അടച്ചിടലും ആട്ടിയോടിക്കലുമാണല്ലോ അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ നടക്കുകയാണ് അദ്ദേഹം. കുടിയേറ്റക്കാരെ മുഴുവന്‍ ആട്ടിയോടിച്ച് സംശുദ്ധ അമേരിക്ക ഉണ്ടാക്കുകയാണ് ട്രംപിന്റെ “മഹത്തായ സ്വപ്‌നം”. ലോകത്താകെ വ്യവസായ ശൃംഖല പണിതാണ് താന്‍ കോടീശ്വരനായതെന്നും അങ്ങനെയാണ് പ്രസിഡന്റായതെന്നും ട്രംപ് മറന്നു പോകുന്നു.

കറന്‍സി മൂല്യത്തില്‍ തിരിമറി നടത്തിയും തീരുവ കൂട്ടിയും അമേരിക്കയെ വെല്ലുവിളിക്കുന്ന ചൈനയും ഇതേ മറവി രോഗത്തിലാണ്. ചൈനയുടെ ശക്തി കുടികൊള്ളുന്നത് ലോകത്താകെ പരക്കുന്ന അവരുടെ ഉത്പന്നങ്ങളിലാണ്. നൈപുണ്യമല്ല, വസ്തുക്കളാണ് അവര്‍ കയറ്റിയയക്കുന്നത്. മറ്റു രാജ്യങ്ങള്‍ മേഡ് ഇന്‍ ചൈന ഉത്പന്നങ്ങളോട് തീരുവാ യുദ്ധം പ്രഖ്യാപിച്ചാല്‍ എല്ലാ അഹംഭാവവും നിലക്കും. അതുകൊണ്ട് യു എസും ചൈനയും തമ്മില്‍ രൂപപ്പെട്ട ഈ വ്യാപാര യുദ്ധത്തെ അവസരമാക്കി മാറ്റുകയാണ് മറ്റ് രാഷ്ട്രങ്ങള്‍ ചെയ്യേണ്ടത്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങള്‍. രണ്ട് വമ്പന്‍മാരും ഇല്ലാത്ത പുതിയ വ്യാപാര കരാറുകള്‍ ഉണ്ടാക്കണം. ഇവരുടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിക്കണം. ബഹിഷ്‌കരണത്തിന്റെ മറ്റൊരു രൂപമായിരിക്കും അത്.

പക്ഷേ, വികസ്വര രാജ്യങ്ങള്‍ക്ക് അതിനൊക്കെയുള്ള ഇച്ഛാശക്തിയുണ്ടോ എന്നതാണ് ചോദ്യം. ഇന്ത്യയെ ഉദാഹരിക്കാം. ആയുധത്തിനും മൂലധന സമാഹരണത്തിനും സാങ്കേതിക വിദ്യക്കും അമേരിക്കയെ ആശ്രയിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകുമോ? സൗരോര്‍ജ വ്യാപനത്തിനായി ഇന്ത്യ തയ്യാറാക്കിയ കൂറ്റന്‍ പദ്ധതിക്ക് തദ്ദേശീയമായി നിര്‍മിച്ച യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാനായിരുന്നു ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇത്തരം സാമഗ്രികളുടെ ലോകത്തെ നമ്പര്‍ വണ്‍ ഉത്പാദകരായ അമേരിക്ക ഡബ്ല്യൂ ടി ഒയെ സമീപിച്ച് ഇന്ത്യയുടെ തീരുമാനം തിരുത്തിച്ചു. ഇതാണ് സ്ഥിതി. മേക് ഇന്‍ ഇന്ത്യയെന്ന മോദിയുടെ അഭിമാന പദ്ധതി പൊളിഞ്ഞത് ഇത്തരം സമ്മര്‍ദങ്ങളുടെ ഫലമായാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest