ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം: കൊളീജിയം ശിപാര്‍ശ മടക്കി

കേരളത്തിന് അമിത പ്രാധാന്യം ലഭിക്കുമെന്ന് കേന്ദ്രം
Posted on: April 26, 2018 11:27 pm | Last updated: April 27, 2018 at 11:49 pm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശിപാര്‍ശ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സര്‍ക്കാര്‍. ശിപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം മടക്കിയയച്ചു. ജസ്റ്റിസ് കെ എം ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന്റെ നടപടി. സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊളീജിയം പുനഃപരിശോധിക്കണമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശിപാര്‍ശ മടക്കിയയച്ചുകൊണ്ടുള്ള കത്തില്‍ വ്യക്തമാക്കി.

ജസ്റ്റിസ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി ലിസ്റ്റില്‍ 42ാം സ്ഥാനത്താണ്. പതിനൊന്ന് ചീഫ് ജസ്റ്റിസുമാര്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും കത്തില്‍ വ്യക്തമാക്കി. കൂടാതെ പട്ടിക ജാതി- വര്‍ഗത്തില്‍ നിന്നുള്ള പ്രതിനിധി നിലവില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെല്ലാം പുറമെ കേരളാ ഹൈക്കോടതിക്ക് അമിത പ്രാധാന്യം നല്‍കുന്നത് പ്രാദേശിക സമവാക്യങ്ങള്‍ തെറ്റിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രാജ്യത്ത് പത്ത് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയില്‍ പ്രാതിനിധ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്തുന്നതോടെ കേരളാ ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാരാകും. കേരളാ ഹൈക്കോടതിയില്‍ നിന്നുള്ള രണ്ട് ജഡ്ജിമാരാണ് നിലവില്‍ ഛത്തിസ്ഗഢ്, കേരളാ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെന്നും കത്തില്‍ പറയുന്നുണ്ട്.

ഇന്ദു മല്‍ഹോത്ര
സുപ്രീം കോടതി ജഡ്ജി

കെ എം ജോസഫിനൊപ്പം കൊളീജിയം ശിപാര്‍ശ നല്‍കിയ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര. നിലവില്‍ സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിയായി ജസ്റ്റിസ് ഭാനുമതി മാത്രമാണുള്ളത്.

സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയായി ആറ് വനിതാ ജഡ്ജിമാര്‍ മാത്രമാണ് സുപ്രീം കോടതിയില്‍ സേവനം ചെയ്തിട്ടുള്ളത്. 1989ല്‍ ജസ്റ്റിസ് ഫാത്വിമാ ബീവിയാണ് ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയായി നിയമിക്കപ്പെട്ടത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. മൂന്ന് മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. വിശാല ബഞ്ച് രൂപവത്കരിച്ച് വിഷയം പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്.

നിയമനം സ്റ്റേ ചെയ്യാനാകില്ല:
സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചിന്തിക്കാനോ ഊഹിക്കാനോ കഴിയാത്തതും ഇത്തരമൊരു ആവശ്യം മുമ്പ് കേട്ടിട്ടുപോലുമില്ലാത്തതാണെന്നും ചൂണ്ടിക്കാണിച്ചാണ് തള്ളിയത്. സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗാണ് ഇന്നലെ രണ്ട് മണിയോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി ഉയര്‍ത്തിയത് അംഗീകരിക്കുന്നുവെന്നും എന്നാല്‍, കൊളീജിയം ശിപാര്‍ശ ചെയ്ത പേരുകള്‍ വെട്ടിക്കളയുന്നതിലാണ് ആശങ്കയെന്നും ഇന്ദിരാ ജെയ്‌സിംഗ് വ്യക്തമാക്കി.

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ഇന്ദിരാ ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ ഇന്ദു മല്‍ഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സുപ്രീം കോടതി അതിരൂക്ഷമായ രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. എന്താണ് ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് അടിസ്ഥാനമെന്നും എന്ത് തരത്തിലുള്ള ഹരജിയാണിതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പ്രതികരിച്ചു. ഭരണഘടനാ നിര്‍വഹണത്തെ സ്റ്റേ ചെയ്യണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന് ശിപാര്‍ശകള്‍ തിരിച്ചയക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരിശോധനകള്‍ക്കായി കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശകള്‍ മടക്കിയയക്കാനുള്ള അവകാശമുണ്ടെന്നും കേന്ദ്രം തിരിച്ചയക്കുന്ന ശിപാര്‍ശകള്‍ ഉചിതമായ രൂപത്തില്‍ തങ്ങള്‍ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.