ലഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായി

Posted on: April 26, 2018 10:09 pm | Last updated: April 26, 2018 at 10:09 pm

ദുബൈ: ദുബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്ത നീലേശ്വരം സ്വദേശിയുടെ ലെഗേജ് സാധനങ്ങള്‍ നഷ്ട്ടപ്പെട്ടതായി പരാതി. നീലേശ്വരം കാലിച്ചാനടുക്കം തായന്നൂരിലെ കൊട്ടുമ്പുറം മുസ്തഫയുടെ മകന്‍ മുഹമ്മദ് ശാമില്‍ എന്നയാളുടെ ലഗേജില്‍ നിന്നും ഹാന്റ് ബാഗില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണടക്കം സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ദുബൈയില്‍ നിന്ന് മംഗലാപുരത്തക്ക് സ്വകാര്യ കമ്പനി വിമാനത്തില്‍ ഭാര്യ ആരിഫ, മകള്‍ ഖദീജ എന്നിവര്‍ക്കൊപ്പമാണ് ശാമില്‍ യാത്ര ചെയ്തത്. ഭദ്രമായി സൂക്ഷിച്ച പെട്ടി വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. മൊബൈല്‍ ഫോണ്‍, പെര്‍ഫ്യൂം, ചോക്ലേറ്റ് തുടങ്ങിയവ ഉണ്ടായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഈയിടെ സമാനമായ സംഭവം നടന്നത് വന്‍ വിവാദമായിരുന്നു. ഇതിനിടെയിലാണ് മംഗലാപുരത്തും സമാന സംഭവം നടന്നത്. ഇത് സംബന്ധിച്ച് മംഗലാപുരം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലായെന്ന് ശാമില്‍ പറയുന്നു.