കുറിഞ്ഞിമല സങ്കേതത്തിന് 3,200 ഹെക്ടര്‍

അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് നിരോധം
Posted on: April 24, 2018 1:06 pm | Last updated: April 24, 2018 at 11:12 pm
SHARE

തിരുവനന്തപുരം: ഇടുക്കി കുറിഞ്ഞിമല സങ്കേതത്തിന്റെ കുറഞ്ഞ വിസ്തൃതി 3,200 ഹെക്ടറായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സങ്കേതത്തിനകത്ത് വരുന്ന പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ എ എസ് ഉേദ്യാഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കും. കുറിഞ്ഞിമലസങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് തുടങ്ങിയ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് നിരോധമേര്‍പ്പെടുത്താനായി കേരള പ്രമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യാനും തീരുമാനിച്ചു.

സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വേ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്നത് രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും. തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ടു തിരിക്കും. വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറ് മാസത്തിനകം പിഴുതുമാറ്റുന്നതിന് കലക്ടര്‍ പദ്ധതി തയ്യാറാക്കും. പട്ടയഭൂമിയില്‍ നില്‍ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങള്‍ ഉടമ തന്നെ ആറ് മാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിനു തയ്യാറാകാതിരുന്നാല്‍ ഇത്തരം മരങ്ങള്‍ മാറ്റുന്നതിന് ജില്ലാ കലക്ടറെ അധികാരപ്പെടുത്താന്‍ തീരുമാനിച്ചു. റവന്യൂ ഭൂമിയില്‍ വനം വകുപ്പ് നേരിട്ട് മരം നട്ടുപിടിപ്പിക്കുന്നതിന് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടം നല്‍കുന്ന രീതി അവസാനിപ്പിക്കും.

ഇതോടൊപ്പം പുതുതായി അനുവദിച്ച അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കയ്പ്പമംഗലം (തൃശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നീ ഏഴ് പോലീസ് സ്റ്റേഷനുകളിലേക്ക് 147 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ 77 തസ്തികകള്‍ സമീപ പോലിസ് സ്റ്റേഷനുകളില്‍ നിന്ന് പുനര്‍വിന്യസിച്ച് നല്‍കും. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിലെ വര്‍ക്കര്‍ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം അനുവദിക്കാനും യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here