Connect with us

Kerala

പ്രധാനമന്ത്രി ആവാസ് യോജന: ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ കേന്ദ്രാനുമതി

Published

|

Last Updated

തിരുവനന്തപുരം: എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി എം എ വൈ-നഗരം) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചു നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായി പി എം എ വൈ(നഗരം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് 82487 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

പി എം എ വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകള്‍കൂടി നിര്‍മിക്കാന്‍ 203 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് ഡല്‍ഹിയില്‍ നടന്ന കേന്ദ്ര സാംഗ്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതോടെ കേരളത്തിലെ 93 നഗരസഭകളില്‍ സ്വന്തമായി സ്ഥലമുള്ള ഏല്ലാവര്‍ക്കും വീടുകളാകും. 82,487 ഗുണഭോക്താക്കളുടെ വീടുകള്‍ക്കുള്ള അനുമതിയാണ് ആകെ ലഭ്യമായത്. ഇതിനായി 2525 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ 2023 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 23891 വീടുകളുടെ നിര്‍മാണം നടന്നുവരികയാണ്.

ലൈഫ് പദ്ധതിയുടെ ഭാഗമായി പി എം എ വൈ(നഗരം) പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില്‍ സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള ധനസഹായം ലൈഫ് പദ്ധതിയുടെ യൂനിറ്റ് നിരക്കുപ്രകാരം നാല് ലക്ഷം രൂപയായി ഉയര്‍ത്തി കഴിഞ്ഞ ഫെബ്രുവരി 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം 2017 ഏപ്രില്‍ ഒന്നിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍വെച്ച എല്ലാ ഗുണഭോക്താക്കള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ നാല് ലക്ഷം രൂപ ധനസഹായം ലഭിക്കും.

പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇത് ഏറെ സഹായകമാകും. ധനസഹായമായ നാല് ലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപ കേന്ദ്രം നല്‍കും. ശേഷിച്ച തുകയില്‍ 50,000 രൂപ സംസ്ഥാന വിഹിതവും രണ്ട് ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. ഗുണഭോക്തൃ വിഹിതം നല്‍കേണ്ടതില്ല എന്നതും ഗുണഭോക്താക്കള്‍ക്ക് സഹായകരമാണ്. പി എം എ വൈ-ലൈഫ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. ചേരിവികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി, അഫോര്‍ബിള്‍ ഹൗസിങ്ങ് സ്‌കീം, വ്യക്തിഗത നിര്‍മാണം എന്നീ നാല് വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാണ് ഗുണഭോക്തൃ കേന്ദ്രീകൃത ഭവനിര്‍മാണം എന്ന ഘടകത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നത്.

 

Latest