രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മലമ്പനി മുക്തമാക്കാനുള്ള യജ്ഞവുമായി സര്‍ക്കാര്‍

Posted on: April 24, 2018 6:20 am | Last updated: April 23, 2018 at 11:50 pm

തിരുവനന്തപുരം: 2020ഓടുകൂടി കേരളത്തെ മലമ്പനിമുക്തമാക്കാനുള്ള യജ്ഞത്തില്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തദ്ദേശീയ മലമ്പനി ഇല്ലാതാക്കുന്നതോടൊപ്പം കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ചുവരുന്നവരില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും ഉണ്ടാകുന്ന മലമ്പനി രോഗബാധയില്‍ നിന്ന് തദ്ദേശീയ മലമ്പനിബാധ ഉണ്ടാകുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്. 2018ഓടെ മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ 1000-2000 പേര്‍ക്ക് ഓരോ വര്‍ഷവും മലമ്പനി രോഗം പിടിപെടുന്നതായാണ് കണ്ടുവരുന്നത്. രണ്ടോ മൂന്നോ പേര്‍ ഈ രോഗം മൂലം മരണമടയുന്നുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലമ്പനിയുടെ 90-95 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരോ അവിടെ പോയി വരുന്നവരോ വഴി കേരളത്തി ല്‍ ഉണ്ടാകുന്ന ഇറക്കുമതി മലമ്പനി (Imported Malaria) എന്ന വിഭാഗത്തില്‍ ഉള്ളവയാണ്.

2020ഓടെ മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുന്നതിനായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ തീരുമാനിക്കുകയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമുണ്ടായി. 2016 അവസാനത്തോടെ മലമ്പനിയെ നോട്ടിഫയബിള്‍ രോഗം ആയി പ്രഖ്യാപിക്കാനായത് ഈ രംഗത്തെ വലിയ നേട്ടമാണ്. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ മലമ്പനി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.

മലമ്പനി യഥാസമയം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ സൗജന്യമായി സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനവും ലഭ്യമാണ്. മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ സമയബന്ധിതമായ രോഗ നിരീക്ഷണം, കൊതുകു നിരീക്ഷണം, രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുന്നതിനും സംവിധാനമുണ്ട്. സഞ്ചരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പരിശോധനാ ടീമുകള്‍ ഇതര സംസ്ഥാന തൊഴിലാളികളിലും രോഗസാധ്യത കൂടിയ തീര്‍ഥാടന, തീരപ്രദേശ, നഗര ചേരീനിവാസികള്‍, മലയോര പ്രദേശത്തുള്ളവര്‍ തുടങ്ങിയവരിലും രോഗനിരീക്ഷണം കാര്യക്ഷമമാക്കും. മലമ്പനി സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്.

ലോക മലമ്പനി ദിനമായ നാളെ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ജം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സ് ഒളിമ്പ്യ ചേമ്പേഴ്‌സ് ഹാളില്‍ രാവിലെ 10.30 നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ കെ ഷൈലജ മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പ്പശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍, മത്സ്യബന്ധനം, സാമൂഹികനീതി വകുപ്പുകളുടെ സഹകരണത്തോടെയാണ് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.