ചരക്ക് ലോറികള്‍ക്ക് ട്രെയിന്‍ സവാരി; സംസ്ഥാനത്ത് ‘റോറോ’ സംവിധാനം വരുന്നു

സമയലാഭം, ഇന്ധന ലാഭം എന്നിവക്കു പുറമേ മലിനീകരണം കുറക്കാം  
Posted on: April 24, 2018 6:25 am | Last updated: April 23, 2018 at 11:38 pm

പാലക്കാട്: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ലാഭകരമായി ഒരേ സമയം നിരവധി ലോറികളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും റോറോ (റോള്‍ ഓഫ് റോള്‍) സംവിധാനം കേരളത്തിലും വരുന്നു. ചരക്ക് ലോറികളെ ട്രെയിനില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സര്‍വീസിന് റെയില്‍വേ പാലക്കാട് ഡിവിഷന് അനുമതി ലഭിക്കുമെന്നാണ് സൂചന.

ചരക്ക് വാഹനങ്ങളുടെ നീക്കം സുഗമമാക്കാന്‍ കൊങ്കണ്‍ റെയില്‍വേ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് റോറോ. വിദൂരസ്ഥലങ്ങളിലേക്ക് ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാക്കാന്‍ നിശ്ചിത ദൂരം ട്രെയിനില്‍ കയറ്റുകയാണ് റോറോയില്‍ ചെയ്യുന്നത്. ഒരു ട്രെയിനില്‍ മുപ്പതോ, നാല്‍പ്പതോ വലിയ ലോറികള്‍ കയറ്റാം.

ചരക്കുവാഹനങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യത്തിലെത്താമെന്ന് മാത്രമല്ല അത്രയും ദൂരത്തെ ഡീസല്‍ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. പല നഗരപ്രദേശങ്ങളിലും പകല്‍ സമയത്ത് തിരക്ക് കൂടുതലായതിനാല്‍ ചരക്ക് ലോറികള്‍ ഹൈവേകളില്‍ ഓടാന്‍ അനുമതിയില്ല; രാത്രിമാത്രമേ ഓടാവൂ. റോറോ ട്രെയിന്‍ സര്‍വീസ് തുടങ്ങിയാല്‍ പകലിലും ഓടാമെന്നതിനാല്‍ ആ വകയിലും സമയം ലാഭിക്കാന്‍ കഴിയും. റോറോ സൗകര്യം നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയുകയും ചെയ്യും.

കൊങ്കണ്‍ റെയില്‍വേ 1999ലാണ് റോറോ സര്‍വീസ് തുടങ്ങിയത്. സൂറത്ത്കല്‍, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളില്‍ റോറോ സര്‍വീസിന് വേണ്ടി ചരക്ക് വാഹനങ്ങള്‍ ട്രെയിനില്‍ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് വടക്കേ ഇന്ത്യയിലേക്ക് ചരക്കുമായി പോകുന്ന പല വാഹനങ്ങളും സൂറത്ത് കലില്‍ നിന്ന് റോറോ ട്രെയിനില്‍ കയറ്റി കാറാഡ് ഇറക്കുകയാണ് പതിവ്.

തെല്ലും ഗതാഗതക്കുരുക്കില്ലാതെ അറുനൂറോളം കിലോമീറ്ററാണ് ഇങ്ങനെ താണ്ടാന്‍ കഴിയുന്നത്. ഡല്‍ഹിയിലും കഴിഞ്ഞ വര്‍ഷം റോറോ ട്രെയിന്‍ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് യു പിയിലെ മുറാദ് നഗറിലേക്കാണ് റോറോ ട്രെയിന്‍ ഏര്‍പ്പെടുത്തിയത്.

കേരളത്തിലെ നിരത്തുകളില്‍ ചരക്ക് ലോറികളുടെ വേലിയേറ്റം വലിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്കിനും അപകടത്തിനും വഴിവെക്കുകയാണ്. റോറോ സര്‍വീസ് വരുന്നതോടെ നിരത്തുകളില്‍ ചരക്ക് ലോറികളുടെ വരവ് ഗണ്യമായി കുറക്കാനും അത് വഴി ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനും സാധ്യമാകുമെന്നാണ് പ്രതീക്ഷ.