Connect with us

Kerala

ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള രാജ്യം

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഒരുമാസത്തോളമായി ഉയര്‍ന്ന നിലയില്‍ തുടരുന്ന ഡീസല്‍ വില 70 കടന്ന് കുതിക്കുമ്പോള്‍ 2013ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ മുംബൈയില്‍ പെട്രോളിന് രേഖപ്പെടുത്തിയത്- ലിറ്ററിന് 82.35 രൂപ.

കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമാണ് വില. കൊച്ചിയില്‍ യഥാക്രമം 77.25ഉം 70.18ഉം.

കൊല്‍ക്കത്തയില്‍ 77.20, 68.45, ഡല്‍ഹിയില്‍ 74.50, 65.75, ചെന്നൈയില്‍ 77.29, 69.37 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ യഥാക്രമം പെട്രോളിന്റെയും ഡീസലിന്റെയും വില. ഒരു മാസത്തിനിടെ ഡീസലിന് 3.07 രൂപയും പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്.

2013 സെപ്തംബറിലാണ് മുമ്പ് പെട്രോള്‍ വില ഈ നിലയിലേക്ക് ഉയര്‍ന്നത്. പെട്രോള്‍ ലിറ്ററിന് 78.50 വരെയാണ് അന്ന് ഉയര്‍ന്നിരുന്നത്. അന്ന് അസംസ്‌കൃത എണ്ണക്ക് ബാരലിന് 125 ഡോളറിലധികം ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ക്രൂഡ് വില ബാരലിന് 74 ഡോളര്‍ മാത്രമാണ്.

ഇതിനിടെ, 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് തവണയാണ് എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. ഇതുവഴി ഇക്കാലയളവില്‍ പെട്രോള്‍ വിലയുടെ നികുതിയില്‍ 11.77 രൂപയുടെയും ഡീസലിന്റെതില്‍ 13.47 രൂപയുടെയും വര്‍ധനയുണ്ടായി. നാല് വര്‍ഷത്തിനിടയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം 230 ശതമാനമാനമാണ് വര്‍ധിച്ചത്.
അസംസ്‌കൃത എണ്ണയുടെ രാജ്യാന്തരവിലയിലുള്ള ഇടിവിലൂടെ വന്‍ വിദേശ നാണ്യം ലാഭിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയിടിവിലൂടെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് മാത്രം കേന്ദ്ര സര്‍ക്കാര്‍ 13 ലക്ഷം കോടി രൂപയാണ് ലാഭിച്ചത്. 2013-14 കാലത്ത് 8,64,875 കോടി രൂപ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്കായി ചെലവഴിച്ചപ്പോള്‍ 2014-15 ല്‍ ഇത് 1.78 ലക്ഷം കോടി രൂപ കുറച്ച് 6,87,416 കോടി രൂപയിലെത്തി.

ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും അമേരിക്ക ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തതാണ് രാജ്യന്തര എണ്ണ വിപണിയെ സ്വാധീനിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest