പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

2006ല്‍ തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഇയാള്‍ മത്സരിച്ചിരുന്നു
Posted on: April 23, 2018 12:49 pm | Last updated: April 23, 2018 at 7:57 pm

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍ വെച്ച് മാനഭംഗപ്പെടുത്തിയ തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയായ കെ പി പ്രേം അനന്താണ് പിടിയിലായത്. ശനിയാഴ്ച തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസില്‍ വെച്ചാണ് ഇയാള്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സേലത്തിനും ഈറോഡിനുമിടയില്‍ വെച്ചാണ് സംഭവം.

കോയമ്പത്തൂരില്‍ നിന്നും റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ കയറിയ പ്രതി ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ച് അമ്മയെ ഉണര്‍ത്തി. ബന്ധുക്കള്‍ എഴുന്നേപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. 2006ല്‍ തമിഴ്‌നാട്ടിലെ ആര്‍.കെ നഗറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ഇയാള്‍ മത്സരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം പുറത്തുവന്നത്.