ഭരണകൂടത്തിന്റെ ഭാഷ, ന്യായാസനത്തിന്റെയും

ജഡ്ജി ലോയയുടെ മരണത്തിന് ശേഷം പ്രത്യേക കോടതിയുടെ ജഡ്ജിയായി ചുമതലയേറ്റയാള്‍, ദിവസങ്ങള്‍ക്കകം സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍ നിന്ന് അമിത് ഷായെ കുറ്റവിമുക്തനാക്കി. ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയൊക്കെ ഒന്നൊന്നായി പിന്നീട് ഒഴിവാക്കുകയും ചെയ്തു. ശേഷിക്കുന്ന പ്രതികളുടെ വിചാരണ തുടരുമ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് തുടരുകയാണ്. നോക്കുകുത്തിയുടെ സ്ഥാനം പോലുമില്ലാതെ കോടതിയും. ഇത്തരം അട്ടിമറികളോട് പ്രതികരിക്കാനുള്ള അവസരം പോലും ഇല്ലാതാക്കാനാണ് ഇപ്പോള്‍ പരമോന്നത കോടതിയുടെ ശ്രമം. അതുകൊണ്ടാണ് ലോയ കേസില്‍ ആക്ഷേപമുന്നയിച്ച മുതിര്‍ന്ന അഭിഭാഷകരെ നിശിതമായി വിമര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായത്. ഇത്തരം കേസുകളില്‍ വീണ്ടും ഇടപെടാന്‍ ശ്രമിച്ചാല്‍ ശിക്ഷിക്കാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പ്. ഭരണകൂടത്തിന്റെ ഭാഷയും നീതിന്യായ സംവിധാനത്തിന്റെ ഭാഷയും ഒന്നാകുന്നു. രണ്ടും ഒന്നാകുമ്പോള്‍ പിന്നെ വിധേയപ്പെടലിന്റെ പ്രശ്‌നമില്ലല്ലോ!
Posted on: April 23, 2018 6:00 am | Last updated: April 22, 2018 at 10:20 pm

സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം ജനാധിപത്യത്തിന്റെ നിലനില്‍പ്പില്‍ പ്രധാനമാണെന്ന് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി രാജ്യത്തോട് പറഞ്ഞിട്ട് അധികനാളായില്ല. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി ഇവ്വിധം പറയേണ്ടി വന്ന സാഹചര്യമെന്ത് എന്ന ചോദ്യം അന്നു മുതല്‍ വലിയ വലുപ്പത്തില്‍ നമ്മുടെ മുന്നിലുണ്ട്. പരമോന്നത നീതിപീഠത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിനാല്‍ ഈ ചോദ്യത്തിന് നേരിട്ട് ഉത്തരമില്ലെന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ പറഞ്ഞത്. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസെടുത്ത തീരുമാനങ്ങള്‍ പരസ്യപ്രതികരണത്തിന് കാരണമാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന ഉത്തരം അവര്‍ നല്‍കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തോട്, അതിന്റെ ഊര്‍ജ സ്രോതസ്സായ സംഘ്പരിവാറിനോട് ഏത് വിധത്തിലാണ്, ഏതളവിലാണ് നമ്മുടെ നീതിന്യായ സംവിധാനം വിധേയപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ പറയുകയാണ് അന്ന് ഈ നാല് ജഡ്ജിമാരും ചെയ്തത്. അവരുടെ വാക്കുകളുടെ പൊരുള്‍, രാജ്യത്തിന് മനസ്സിലാക്കിക്കൊടുക്കുകയാണ് വിവിധ കോടതി വിധികള്‍.

2007ല്‍ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ ആരോപണവിധേയരായ അഞ്ച് പേരെ കുറ്റവിമുക്തരാക്കുന്നു ഹൈദരാബാദിലെ പ്രത്യേക എന്‍ ഐ എ കോടതി. ഒമ്പത് ജീവനെടുത്ത ഈ സ്‌ഫോടനം, ലശ്കറെ ത്വയ്യിബ ആസൂത്രണം ചെയ്തതാണെന്നായിരുന്നു ആന്ധ്രാ പോലീസിന്റെ ആദ്യത്തെ നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ ഇരുപതോളം മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. മലേഗാവ് സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന പുനഃരന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരെ സി ബി ഐ, കേസില്‍ നിന്ന് ഒഴിവാക്കുന്നത്. മക്ക മസ്ജിദിലും അജ്മീര്‍ ദര്‍ഗയിലും സംഝോത എക്‌സ്പ്രസിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താനുള്‍പ്പെടെയുള്ള സംഘമായിരുന്നുവെന്നാണ് അസിമാനന്ദ ഏറ്റുപറഞ്ഞത്. ഇക്കാര്യം ആദ്യം പറയുന്നത്, മക്ക മസ്ജിദ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ശൈഖ് അബ്ദുല്‍ കലീമിനോടായിരുന്നു. അസിമാനന്ദ, പറഞ്ഞ കാര്യങ്ങള്‍ കലീം കോടതിയില്‍ പറയുകയും ചെയ്തു. പക്ഷേ, കലീമും അസിമാനന്ദയും ഒരേസമയം ഒരേ ജയിലിലുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ അന്വേഷണം പിന്നീട് ഏറ്റെടുത്ത എന്‍ ഐ എക്ക് സാധിച്ചില്ലെന്നാണ് പ്രത്യേക കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഢി വിധി ന്യായത്തില്‍ കുറിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളില്‍ 66 പേരാണ് വിചാരണക്കിടെ കൂറുമാറിയത്.

ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ എന്തുകൊണ്ട് സാധിക്കന്നില്ലെന്ന് പ്രോസിക്യൂഷനോട് ചോദിക്കാന്‍ ജഡ്ജി രവീന്ദര്‍ റെഡ്ഢി എന്തുകൊണ്ട് തയ്യാറായില്ല? സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുമ്പോള്‍, ഇവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമപരമായ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സിക്കുണ്ടല്ലോ, അതുചെയ്‌തോ എന്ന ചോദ്യം ജഡ്ജിയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഒരു സാധാരണ കേസില്‍ ഇത്തരം ചോദ്യങ്ങള്‍ നീതിന്യായ സംവിധാനം ഒഴിവാക്കിയേക്കാം. പക്ഷേ, ഇതുപോലൊരു കേസില്‍, ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ ചെയ്തിയായിരുന്നു അതെന്ന കുറ്റസമ്മത മൊഴിയുണ്ടായിരുന്ന കേസില്‍ ജയില്‍ രേഖകള്‍ ഹാജരാക്കാന്‍ പോലും അന്വേഷണ ഏജന്‍സി തയ്യാറാകാതിരിക്കെ, സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് നിസ്സംഗമായി നോക്കിയിരിക്കെ അതിലും കവിഞ്ഞ നിസ്സംഗത നീതീപീഠം കാണിക്കുമ്പോള്‍ വിധേയപ്പെടലിന്റെ തെളിവായി മാത്രമേ കാണാനാകൂ.

2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിനിടെ നരോദ പാട്ടിയയില്‍ 97 പേരുടെ ജിവനെടുത്ത കലാപത്തില്‍ മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ മായ കൊദ്‌നാനിയെ വിട്ടയക്കാന്‍ ഹൈക്കോടതി തീരുമാനിക്കുമ്പോഴും സ്ഥിതി ഭിന്നമല്ല. അക്രമിക്കൂട്ടത്തിന് നേതൃത്വം നല്‍കിക്കൊണ്ട് മായാ കൊദ്‌നാനിയുണ്ടായിരുന്നുവെന്ന ദൃക്‌സാക്ഷി മൊഴി ഹൈക്കോടതി അവിശ്വസിക്കുന്നു. അന്നേ ദിവസം രാവിലെ നിയമസഭയിലും പിന്നീട് ആശുപത്രിയിലും (ഗോധ്രയില്‍ നിന്നു കൊണ്ടുവന്ന മൃതദേഹം സൂക്ഷിച്ച ആശുപത്രി) മായാ കൊദ്‌നാനിയുണ്ടായിരുന്നുവെന്ന ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ മൊഴി വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നു. അക്രമത്തിന് ഇരകളായവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നല്‍കുന്ന മൊഴിയില്‍ നിക്ഷിപ്ത താത്പര്യത്തിന്റെ സാധ്യത കാണുകയാണ് കോടതി. മായാ കൊദ്‌നാനി അംഗമായ പാര്‍ട്ടിയുടെ അധ്യക്ഷനും മായാ കൊദ്‌നാനി അംഗമായിരുന്ന മന്ത്രിസഭയില്‍ പങ്കാളിയുമായ അമിത് ഷായുടെ മൊഴിയില്‍ നിക്ഷിപ്ത താത്പര്യമില്ലെന്നും! ഗുജറാത്തിലെ കോടതികള്‍ സംഘപരിവാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ചില കേസുകളിലെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍ ഉത്തരവിടുമ്പോള്‍ പരമോന്നത കോടതി ഈ ആക്ഷേപത്തിന് അടിവരയിടുകയും ചെയ്തു. അതുകൊണ്ട് തന്നെ നരോദ പാട്ടിയ കേസിലെ ഹൈക്കോടതി ഉത്തരവ് അത്ഭുതമുളവാക്കുന്നില്ല. ബാബു ബജ്‌റംഗി, ജയന്ത് പട്ടേല്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ തുടര്‍ന്നാല്‍ അവര്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് വിടുതല്‍ കിട്ടുമെന്ന് ന്യായമായും പ്രതീക്ഷിക്കണം.

സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും സാക്ഷിയായിരുന്ന കൗസര്‍ബിയെ കൊലപ്പെടുത്തി, മൃതശരീരം കത്തിച്ച് പുഴയിലൊഴുക്കുകയും ചെയ്ത കേസില്‍ വിചാരണ നടന്നിരുന്ന കോടതിയിലെ ജഡ്ജിയായിരുന്നു ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ. കേസ് പരിഗണിച്ച മൂന്നാമത്തെ ജഡ്ജി. വിചാരണ പൂര്‍ത്തിയാക്കി വിധി പറയും മുമ്പ് പ്രത്യേക കോടതി ജഡ്ജിയെ സ്ഥലം മാറ്റരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് ജഡ്ജിയെ മാറ്റി ബി എച്ച് ലോയയെ നിയമിച്ചത്. ആരോപണ വിധേയനായ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് നിഷ്‌കര്‍ഷിച്ച ലോയ, കേസില്‍ അനുകൂല വിധിയുണ്ടാകുന്നതിന് വാഗ്ദാനം ചെയ്ത വലിയ കോഴ നിഷേധിച്ചതായും വാര്‍ത്തകളുണ്ട്. അമിത് ഷാ ഹാജരാകുന്നതിന് അന്ത്യശാസനം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണമുണ്ടായത്. ഹൃദയസ്തംഭനമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അംഗീകരിച്ച സുപ്രീം കോടതി, മറ്റെല്ലാ സംശയങ്ങളും തള്ളിക്കൊണ്ട് അന്വേഷണത്തിന്റെ ആവശ്യമേയില്ലെന്ന് വിധിച്ചു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇ സി ജി എടുത്തിരുന്നുവെന്ന് ലോയയുടെ കൂടെയുണ്ടായിരുന്ന രണ്ട് സഹ ജഡ്ജിമാരും ഇ സി ജി എടുത്തിരുന്നില്ലെന്ന് മറ്റൊരു ജഡ്ജിയും പറയുന്നു. ഇതിലെ വൈരുദ്ധ്യം പോലും (പറയുന്നത് ജഡ്ജിമാരാണെന്നത് പോലും കണക്കിലെടുക്കുന്നില്ല) പരിശോധിക്കപ്പെടേണ്ടതാണെന്ന തോന്നല്‍ സുപ്രീം കോടതിക്ക് ഉണ്ടായില്ല. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി, സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ച് പരിഗണിച്ച് തീര്‍പ്പുണ്ടാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇനിയൊരു കോടതി വ്യവഹാരം ഉണ്ടാകുകയേ വേണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്തുകൊണ്ട് ഇത്തരം പ്രകടമായ തിടുക്കം പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായി?

അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി താരതമ്യേന ജൂനിയറായ ജഡ്ജിയുട നേതൃത്വത്തിലുള്ള ബഞ്ചിലേക്ക് കൈമാറാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചപ്പോഴാണ് നാല് ജഡ്ജിമാര്‍ പ്രതിഷേധം പരസ്യപ്പെടുത്തിയത്. അതിന് ശേഷം ജൂനിയര്‍ ജഡ്ജിയുടെ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചിലേക്ക് കേസ് മാറ്റി തീര്‍പ്പാക്കുകയായിരുന്നു. വിയോജിപ്പ് പ്രകടിപ്പിച്ച മുതിര്‍ന്ന ജഡ്ജിമാരാരും ഈ കേസ് പരിഗണിക്കുന്ന ബഞ്ചിലുണ്ടാകരുതെന്ന് തീരുമാനിക്കുകയും ചെയ്തു ചീഫ് ജസ്റ്റിസ്. കേസുകള്‍ കൈകാര്യം ചെയ്യേണ്ട ബഞ്ചുകള്‍ തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസ് ദുരുപയോഗം ചെയ്‌തോ എന്ന സംശയത്തിന് ബലമേറ്റുന്നതാണ് ഇതൊക്കെ. അങ്ങനെ ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ അത് ആര്‍ക്കു വേണ്ടി?

ഈ മൂന്നു കേസുകളിലും പ്രതിസ്ഥാനത്ത് സംഘ പരിവാറുമായി ബന്ധപ്പെട്ടയാളുകളാണ്. ഇത്തരം കേസുകളിലൊക്കെ മൃദുസമീപനം സ്വീകരിക്കണമെന്ന് അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ തുറന്നുപറഞ്ഞത് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണം കൈയാളാന്‍ തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ്. മൃദുസമീപനം സ്വീകരിക്കണമെന്ന ആവശ്യം നീതിന്യായ സംവിധാനത്തിന് മുമ്പിലും ഉണ്ടായിക്കാണുമോ? ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടുത്തെ നീതിന്യായ പ്രക്രിയ ഏതുവിധത്തിലായിരുന്നുവെന്ന് ഓര്‍മയുള്ളവര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം വേഗം ലഭിക്കും. അത്തരമൊരു ആവശ്യമുയര്‍ന്നാല്‍ അതിനോട് അനുകൂലമായി പ്രതികരിക്കുമോ നമ്മുടെ നീതിന്യായ സംവിധാനമെന്ന ചോദ്യവുമുണ്ട്. സിനിമാ ശാലകളില്‍ ദേശീയഗാനം പാടണമെന്ന് ഹൈക്കോടതി ജഡ്ജിയായിരിക്കെ ഉത്തരവിടുകയും സുപ്രീം കോടതി ജഡ്ജിയായിരിക്കെ ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് വിധിക്കുകയും അതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപനില്‍ ദേശീയവികാരമല്ല ഉള്ളതെന്നും ഹിന്ദുത്വ ദേശീയതയിലുള്ള അഭിരമിക്കലാണുള്ളതെന്നും മനസ്സിലാക്കുമ്പോള്‍, സംഘ്പരിവാറിന്റെ ഇംഗിതങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുമെന്ന് തന്നെ കരുതണം. അതുകൊണ്ടാണ് നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് സംസാരിച്ചത്. പരമോന്നത നീതിപീഠം വിധേയപ്പെടുകയാണെങ്കില്‍ പിന്നെ രാജ്യത്തെ അതിന്റെ കീഴ് ഘടകങ്ങളെല്ലാം അതേ പാത പിന്തുടരുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് ശരിവെക്കുകയാണ് വിവിധ കോടതികളില്‍ നിന്ന് പുറത്തുവരുന്ന വിധിന്യായങ്ങള്‍.

ജഡ്ജി ലോയയുടെ മരണത്തിന് ശേഷം പ്രത്യേക കോടതിയുടെ ജഡ്ജിയായി ചുമതലയേറ്റയാള്‍, ദിവസങ്ങള്‍ക്കകം സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍ നിന്ന് അമിത് ഷായെ കുറ്റവിമുക്തനാക്കി. ഈ കേസില്‍ ആരോപണ വിധേയരായ ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയൊക്കെ ഒന്നൊന്നായി പിന്നീട് ഒഴിവാക്കുകയും ചെയ്തു. ശേഷിക്കുന്ന പ്രതികളുടെ വിചാരണ തുടരുമ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് തുടരുകയാണ്. നോക്കുകുത്തിയുടെ സ്ഥാനം പോലുമില്ലാതെ കോടതിയും. ഇത്തരം അട്ടിമറികളോട് പ്രതികരിക്കാനുള്ള അവസരം പോലും ഇല്ലാതാക്കാനാണ് ഇപ്പോള്‍ പരമോന്നത കോടതിയുടെ ശ്രമം. അതുകൊണ്ടാണ് ലോയ കേസില്‍ ആക്ഷേപമുന്നയിച്ച മുതിര്‍ന്ന അഭിഭാഷകരെ നിശിതമായി വിമര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായത്. ഇത്തരം കേസുകളില്‍ വീണ്ടും ഇടപെടാന്‍ ശ്രമിച്ചാല്‍ ശിക്ഷിക്കാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പ്. ഭരണകൂടത്തിന്റെ ഭാഷയും നീതിന്യായ സംവിധാനത്തിന്റെ ഭാഷയും ഒന്നാകുന്നു. രണ്ടും ഒന്നാകുമ്പോള്‍ പിന്നെ വിധേയപ്പെടലിന്റെ പ്രശ്‌നമില്ലല്ലോ!