Connect with us

Kerala

വാരാപ്പുഴ കസ്റ്റഡി മരണം: എസ് ഐ ദീപക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കു‌ം

Published

|

Last Updated

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ് ഐ. ജി എസ് ദീപകിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലുവ പോലീസ് ക്ലബ്ബില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ രാത്രി എട്ടോടെയാണ് ദീപക്കിൻെറ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തലവന്‍ ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ നാലാം പ്രതിയാണ് ദീപക്.

ശ്രീജിത്തിനെ മര്‍ദിച്ചത് ദീപകിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ദീപകിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സ്റ്റേഷന്റെ ചുമതലക്കാരനും സി ഐ ഏല്‍പ്പിച്ച പ്രതിയെ നോക്കേണ്ട ആളുമാണ് എസ് ഐ. ഈ നിലയിലെല്ലാം ദീപകിന് വിഴ്ച സംഭവിച്ചതായാണ് കണ്ടെത്തല്‍.

വെള്ളം ചോദിച്ച ശ്രീജിത്തിന് വെള്ളം നല്‍കാനെത്തിയ അമ്മ ശ്യാമളയെ സ്റ്റേഷനില്‍ നിന്ന് ദീപക് ആട്ടിയോടിച്ചതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്രതിയെ കൊല്ലുന്നതിന് മുന്‍വിധിയോടെയുള്ള പ്രവൃത്തിയാണോയിതെന്ന് അന്വേഷണം സംഘം പരിശോധിക്കുകയാണ്.

സംഭവത്തില്‍ ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആര്‍ ടി എഫ് സ്‌ക്വാഡിലെ അംഗങ്ങളായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് പിടിയിലായ ആര്‍ ടി എഫ് ഉദ്യോഗസ്ഥരായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പിടിയിലായവര്‍ക്ക് പുറമെ, പറവൂര്‍ സി ഐ. ക്രിസ്പിന്‍ സാമിനും ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രിസ്പിന്‍ സാമിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

എസ് ഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ശ്രീജിത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. പിടിയിലായ മൂന്ന് ആര്‍ ടി എഫുകാര്‍ മാത്രമല്ല പ്രതികളെന്നും എസ് ഐ ദീപകും സി ഐ ക്രിസ്പിന്‍ സാമും മര്‍ദിച്ചിരുന്നുവെന്നും ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജിനെയും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ, ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് വയറുവേദനയെ തുടര്‍ന്നാണെന്ന് ആദ്യം പ്രവേശിപ്പിച്ച വരാപ്പുഴ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ വെളിപ്പെടുത്തി. ശ്രീജിത്തിന് മൂത്ര തടസ്സവും ഉണ്ടായിരുന്നുവെന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സ്‌കാന്‍ ഉള്‍പ്പടെയുള്ള വിദഗ്ധ ചികിത്സക്ക് നിര്‍ദേശിച്ചിരുന്നുവെന്നും ചികിത്സിച്ച ഡോ. ജോസ് സഖറിയയാണ് വെളിപ്പെടുത്തിയത്.

ആളുമാറി അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി പി എം വരാപ്പുഴ ഏരിയാ കമ്മിറ്റിയംഗം വി പി ഡെന്നിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. എസ് ഐ ദീപകിനെ കുറിച്ച് മോശം അഭിപ്രായമില്ലെന്നും പ്രാദേശിക നേതാവെന്ന നിലയിലാണ് പോലീസ് വിളിപ്പിച്ചതെന്നുമാണ് ഡെന്നിയുടെ പ്രതികരണം.