Connect with us

National

നരോദപാട്യ കൂട്ടക്കൊല: മായാ കോദ്‌നാനിയെ വെറുതെവിട്ടു; ബജ്‌റംഗിയുടെ ശിക്ഷ ശരിവച്ചു

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യ കാലത്ത് 96 പേര്‍ കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊലക്കേസില്‍
മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോദ്‌നാനിയെ വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മായ കോദ്‌നാനിയെ വെറുതെ വിട്ടതെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിയുടെ ശിക്ഷ കോടതി ശരിവച്ചു. മായാ കോദ്‌നാനി സംഭവത്തില്‍ ഇടപെട്ടതിന് തെളിവില്ലെന്നും സാക്ഷി മൊഴികള്‍ വിശ്വസനീയമല്ലെന്നും കോടതി പറഞ്ഞു.

കേസില്‍ 2012ലാണ് പ്രത്യേക വിചാരണ കോടതി കോദ്‌നാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന കോദ്‌നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ബജ്‌റംഗിക്ക് ജീവിതകാലം മുഴുവന്‍ തടവും മറ്റ് എട്ട് പേര്‍ക്ക് 31 വര്‍ഷം തടവും 22 പേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചിരുന്നു. 29 പ്രതികളെ വെറുതെ വിട്ടിരുന്നു.

2002ലാണ് ഗുജറാത്ത് കലാപകാലത്തെ വലിയ കൂട്ടക്കുരുതികളിലൊന്നായ നരോദപാട്യ കൂട്ടക്കൊല നടക്കുന്നത്. ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. നരോദ പാട്യ എം എല്‍ എയായിരുന്ന മായാ കോദ്‌നാനി നരേന്ദ്ര മോഡിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നവരിലൊരാളായിരുന്നു. മോദി സര്‍ക്കാറിനു കീഴില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്ഷേമകാര്യ മന്ത്രിയായിരുന്ന അവര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

Latest