Connect with us

Kerala

സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് പ്രൗഢ സമാപനം

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന ഇരുപത്തൊന്നാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്ലാസ്സ് നയിക്കുന്നു

മലപ്പുറം: മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച 21ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് പ്രൗഢ സമാപനം. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി കെ അബ്ദുര്‍റഹ്മാന്‍, കോ-ഓര്‍ഡിനേറ്റര്‍ ഷാജഹാന്‍, ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയിനര്‍ പി പി മുജീബ് റഹ്മാന്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അശ്‌റഫ് സഖാഫി പൂപ്പലം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഹജ്ജ് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം റണ്‍വേ നവീകരണാര്‍ഥമാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിരിക്കെ കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും പ്രത്യേകിച്ച് കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന മലബാറിലെ ഹാജിമാര്‍ക്ക് സൗകര്യമാകുംവിധം കേന്ദ്രം കരിപ്പൂരില്‍ തന്നെ പുനഃക്രമീകരിക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഹജ്ജ്, ഉംറ സംബന്ധിച്ച് പ്രായോഗിക പരിശീലനം, ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവ ക്യാമ്പില്‍ നടന്നു. ഹാജിമാര്‍ക്ക് ഹജ്ജ് കിറ്റ് വിതരണം ചെയ്തു. സര്‍ക്കാര്‍-സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ ഹജ്ജിന് പുറപ്പെടുന്ന പതിനായിരത്തില്‍പരം ഹാജിമാര്‍ ക്യാമ്പില്‍ സംബന്ധിച്ചു.

ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് സ്വലാത്ത് നഗറിലൊരുക്കിയ ഹജ്ജ് ചരിത്ര എക്‌സ്‌പോ ഹാജിമാര്‍ക്ക് നവ്യാനുഭവമായി. ഹാജിമാര്‍ക്ക് സേവനത്തിന് ഹജ്ജ് ഹെല്‍പ്‌ലൈനും ഹോസ്‌പൈസ് പ്രഥമ ശുശ്രൂഷാ കൗണ്ടറും നഗരിയില്‍ സജ്ജീകരിച്ചിരുന്നു. ക്യാമ്പിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിന് ഷോര്‍ട്ട് സര്‍ക്യൂട്ട് ടി വിയും ഒരുക്കിയിരുന്നു. വൈകുന്നേരം മൂന്നിന് അനാഥ, അന്ധ-ബധിര-മൂക വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

 

Latest