രാജ്യ സുരക്ഷക്കുള്ള ആയുധ വികസനം അനുവാദത്തിന് കാത്തുനില്‍ക്കില്ല: ഇറാന്‍

Posted on: April 19, 2018 6:22 am | Last updated: April 19, 2018 at 12:38 am
SHARE

തെഹ്‌റാന്‍: രാജ്യത്തിന്റെ പ്രതിരോധത്തിനാവശ്യമായ ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കില്ലെന്ന് ഇറാന്‍. ഇറാന്‍ ആര്‍മി ഡേയോട് അനുബന്ധിച്ച് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് വിദേശരാജ്യങ്ങളുടെ ഭീഷണി തള്ളിക്കളഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്. ശക്തമായ ആയുധ സന്നാഹം വിദേശ രാജ്യങ്ങളുടെ ഭീഷണിയില്‍ നിന്ന് രക്ഷനേടാന്‍ അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും ആയുധങ്ങള്‍ രാജ്യരക്ഷക്ക് അനിവാര്യമെങ്കില്‍ തങ്ങളത് വികസിപ്പിക്കും. അല്ലെങ്കില്‍ മറ്റുവഴികളിലൂടെ സമ്പാദിക്കും. അതിന് ലോക രാഷ്ട്രങ്ങളുടെ അനുമതിക്ക് ഇറാന്‍ കാത്തിരിക്കില്ലെന്നും അദ്ദേഹം നിലപാടറിയിച്ചു. തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളെ തന്നെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ പരമമായ പരമാധികാരം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ അനുഭവിക്കുന്നവരാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആയുധങ്ങളെ കൊണ്ട് നിറക്കുകയാണ് പിടഞ്ഞാറന്‍ രാജ്യങ്ങള്‍ ചെയ്യുന്നത്. ഇത് പടിഞ്ഞാറിന്റെ മാത്രം താത്പര്യങ്ങള്‍ക്ക് വേണ്ടിമാത്രമുള്ളതാണെന്ന് എല്ലാവരും മനസ്സിലാക്കണം. മേഖലയിലെ സമാധാനത്തിന് ഏക മാര്‍ഗം നയതന്ത്ര നീക്കങ്ങളും സമാധാനപരമായ ചര്‍ച്ചകളും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ നടപടിക്കൊരുങ്ങുന്നതായി അടുത്തിടെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനുമായുള്ള ആണവകരാര്‍ നിലനിര്‍ത്തിപ്പോരുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. അതേസമയം, തങ്ങളുടെ മിസൈല്‍ പദ്ധതി ആരെങ്കിലുമായും കൂടിയാലോചന നടത്തി ചെയ്യേണ്ട കാര്യമല്ലെന്നും ഇത് രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിയാണെന്നും ആണവായുധവാഹിനികളല്ല ഇവയെന്നും ഇറാന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഇന്നലെ നടന്ന ഇറാന്‍ സൈനിക പരേഡിനിടെ സൈന്യം ആഭ്യന്തരമായി ഉത്പാദിപ്പിച്ച മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശത്രുക്കളുടെ താഴ്ന്നുപറക്കുന്ന ഡ്രോണുകളെ വരെ ലക്ഷ്യം വെക്കാവുന്നതാണ് പുതിയ മിസൈല്‍ കാമിന്‍-2 എന്ന് ഇറാന്‍ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here