Connect with us

Kerala

അപ്രഖ്യാപിത ഹര്‍ത്താല്‍: 1000 പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം: ജമ്മുവില്‍ ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തീവ്രസ്വഭാവ സംഘടനകളെന്ന് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചു. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ ആയിരത്തിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്തതനുസരിച്ച് തിങ്കളാഴ്ച്ച നടന്ന ഹര്‍ത്താലിലാണ് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

അക്രമങ്ങളുണ്ടാകാനുള്ള സാധ്യതയോ, ഇത് തടയാനുള്ള നടപടിയോ സ്വീകരിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അക്രമങ്ങളില്‍ 30 ലധികം പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ചുമതലപ്പെടുത്തിയത്.

മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ഉള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ മാത്രം 500 ലധികം പേരാണ് ഇതുവരെ കസ്റ്റഡിയിലായത്. 200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ തീവ്ര സ്വഭാവ സംഘടനകള്‍ പ്രവര്‍ത്തിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതേ സംഘടനകള്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പോലീസും രഹസ്യാന്വേഷണവിഭാഗവും സാങ്കേതിക വിദഗ്ധരും സംയുക്തമായാണ് വിശദമായ അന്വേഷണം നടത്തുക. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഹര്‍ത്താലിനിടെ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

Latest