Connect with us

Sports

തെരുവും ഉലകവും നിറഞ്ഞ് സച്ചിന്‍

Published

|

Last Updated

മുംബൈ തെരുവില്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന സച്ചിന്‍

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ നിന്നും ക്രിക്കറ്റ് മനസ്സുകളില്‍ നിന്നും മായുന്നില്ല. ഒരേ സമയം “തെരുവ് ടീമിലും” ലോക ടീമിലും ഇടം പിടിക്കാന്‍ മാത്രം കായിക യൗവനമാണ് അദ്ദേഹം ഇന്നും സൂക്ഷിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ തയ്യാറാക്കിയ എക്കാലത്തെയും മികച്ച ക്രിക്കറ്റിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ തന്നെയാണ് മുംബൈയിലെ തെരുവില്‍ കുട്ടികള്‍ക്കൊപ്പം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിക്കുന്നത്.

കഴിഞ്ഞ ദിവസം സച്ചിന്റെ കളിക്കൂട്ടുകാരനും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ് കാംബ്ലിയാണ് മുംബൈയിലെ തെരുവില്‍ കുട്ടികള്‍ക്കൊപ്പം സച്ചിന്‍ കളിക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഒട്ടും വൈകാതെ വീഡിയോ വൈറലാകുകയും ചെയ്തു. പിന്നീട് സച്ചിന്‍ കളിച്ച ഈ “മാച്ചിന്റെ” പൂര്‍ണ വീഡിയോ പലരും പോസ്റ്റ് ചെയ്തു. കാറില്‍ നിന്ന് ഇറങ്ങിവന്ന് തെരുവില്‍ കളിക്കുന്ന കുട്ടികളുമായി സംസാരിക്കുന്നതും പിന്നീട് അവര്‍ക്കൊപ്പം കളിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ബാറ്റേന്തി ഏതാനും ബോളുകള്‍ നേരിട്ട ശേഷം, കുട്ടികളുമായി സെല്‍ഫി കൂടി പകര്‍ത്തിയാണ് സച്ചിന്‍ മടങ്ങിയത്.

ഈ തെരുവുകളിക്ക് പിന്നാലെ ജോഹന്നാസ് ബര്‍ഗില്‍ നിന്നാണ് സച്ചിന്‍ പ്രതിഭ വിളിച്ചോതുന്ന രണ്ടാമത്തെ വാര്‍ത്ത വന്നത്. ഹോള്‍ഡറുടെ സ്വപ്‌ന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ടത് സച്ചിന്‍ മാത്രം. ഇതാണ് ആ ടീം: മാത്യു ഹെയ്ഡന്‍ (ആസ്‌ത്രേലിയ), കുമാര്‍ സംഗക്കാര (ശ്രീലങ്ക), റിക്കി പോണ്ടിംഗ് (ആസ്‌ത്രേലിയ), ബ്രയന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ആഡം ഗില്‍ക്രിസ്റ്റ് (ആസ്‌ത്രേലിയ- വിക്കറ്റ് കീപ്പര്‍), ഷെയ്ന്‍ വോണ്‍ (ആസ്‌ത്രേലിയ), ഡേല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), കര്‍ട്ട്‌ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലെന്‍ മക്ഗ്രാത് (ആസ്‌ത്രേലിയ).

 

Latest