Connect with us

Articles

കത്വ അവസാനത്തേതാകില്ല

Published

|

Last Updated

മനുഷ്യത്വം തണുത്തുറഞ്ഞ നിന്ദ്യവും ക്രൂരവുമായ സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം സാക്ഷിയായത്. ജമ്മുവില്‍ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ ഇടയ കുലത്തിലെ ആദിവാസി വിഭാഗത്തില്‍ പെട്ട എട്ട് വയസ്സുകാരിയെ മതാന്ധതയും വംശീയമേധാവിത്തവും ബാധിച്ച ചില കാപാലികര്‍ അതിക്രൂരമായ മരണശിക്ഷക്ക് വിധേയയാക്കി. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം, ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ക്രൂരഹത്യമാണ് നടന്നത്. കുതിരയെ മേയ്ക്കാന്‍ വന്ന പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗം ചെയ്ത് ഛിത്രവധം ചെയ്ത് അവസാനം കൊന്നത് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ തല മാത്രം കുനിക്കുന്നതല്ല, മൊത്തം മനുഷ്യകുലത്തിന്റെയും ശിരസ്സ് താഴ്ത്തുന്നതാണ്.

ഈ ക്രൂരതക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അതിലേക്ക് നയിച്ച രാസത്വരകങ്ങളാകട്ടെ, കടുത്ത അപരവിദ്വേഷവും വംശവെറിയും. അത് പ്രസരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിനും സംഘടനകള്‍ക്കും ഒരുവേള ഭരണകൂടങ്ങള്‍ക്കും ഇതിന്റെ പാപത്തില്‍ നിന്ന് കൈകഴുകാന്‍ ആകില്ല. സൂക്ഷ്മതലത്തില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമല്ല അതിന് ഉത്തരവാദികള്‍. ചികഞ്ഞന്വേഷിച്ചാല്‍ അതിലേക്ക് നയിച്ച നിരവധി ഘടകങ്ങളുണ്ട്. വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്നതിന് ഒത്താശയും മാതൃകയും കാണിക്കുന്നവര്‍ അധികാര സ്ഥാനങ്ങളിലിരിക്കെയാണ് ഈ കൃത്യം നടന്നിരിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പോലീസുകാരും നേരിട്ട് കൃത്യത്തില്‍ പ്രതികളായിരിക്കെ, ഏതെങ്കിലും തലതെറിച്ച പിള്ളേരുടെ ചെയ്തികളായി ഇതിനെ തള്ളാനാകില്ല.

2016ലെ ജിഷ ബലാത്സംഗ-വധം, 2012ലെ ഡല്‍ഹി നിര്‍ഭയ, 2011ലെ സൗമ്യവധം കേസുകളെയൊക്കെ കടത്തിവെട്ടുന്ന ആസൂത്രണവും ക്രൂരതകളുമാണ് പിഞ്ചിളം ശരീരത്തോട് അവര്‍ ചെയ്തത്. മനുഷ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത കാപാലികത്വം അരങ്ങേറിയ 2014 മുതല്‍ക്കു സിറിയയിലും ഇറാഖിലും ഐ എസ് നടത്തിയ ക്രൂരതകള്‍, 2002ലെ ഗുജറാത്ത് വംശഹത്യ, കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തിയ രാക്ഷസീയതകള്‍ (പ്രത്യേകിച്ച് തലഅല്‍ സത്താര്‍, സബ്‌റ ശത്തീല, ഗസ്സ മുനമ്പ് ആക്രമണങ്ങള്‍), നാസി ജര്‍മനി ജൂതരോട് നടത്തിയവ തുടങ്ങിയവയോട് കിടപിടിക്കുന്നതാണ് എട്ട് വയസ്സുകാരിയോട് അവര്‍ ചെയ്തത്.

18 പേജുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പൂര്‍ണമായി വായിക്കാന്‍ തന്നെ മനഃസാക്ഷിയുള്ളവര്‍ക്ക് സാധിക്കില്ല. മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല്ലുന്നതിന് മുമ്പ് പ്രതികളിലൊരാളായ പോലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു, ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നു. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ “ദേവസ്ഥാന”ത്ത് ഉറക്കിക്കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലക്കടിച്ചു. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണിത് ചെയ്തത്. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് സൂത്രധാരന്‍. അയാളും മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത, രാജ് എന്നീ പോലീസുകാരെ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്. ബക്ര്‍വാലകളെന്ന മുസ്‌ലിം നാടോടി ഇടയസമൂഹത്തെ ഭയപ്പടുത്തുക, ഒരു പാഠം പഠിപ്പിക്കുക ആയിരുന്നു ചെയ്തിയുടെ ലക്ഷ്യമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. രസനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അതിനിടയില്‍ ഇരുപതോളം വരുന്ന ബക്ര്‍വാല കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലംവാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു. ഇതുമൂലം മേഖലയിലെ ഡിമോഗ്രഫി തകരുമോയെന്ന ഭയം കണ്ണില്ലാത്ത ക്രൂരതയായി മാറി. പെണ്‍കുട്ടിയുടെ വളര്‍ത്തുപിതാവ് പത്ത് വര്‍ഷം മുമ്പ് ഗ്രാമത്തിന്റെ പ്രാന്തത്തില്‍ വനത്തിന്റെ നടുവില്‍ ഭൂമി വാങ്ങിയിരുന്നു. ഇത് വലിയൊരു അളവ് വരും. ഭൂമിയുടെ നടുവില്‍ മൂന്ന് മുറികളുള്ള വീട് വെച്ചു. ബാക്കി ഭൂമി മൃഗങ്ങള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് വേണ്ട നിര്‍മാണ പ്രവൃത്തികള്‍ ചെയ്തു. രസനയിലെ ബക്ര്‍വാല്‍ കുടുംബങ്ങളിലെ ഏക കോണ്‍ക്രീറ്റ് വീടായിരുന്നു ഇത്. വീടും പറമ്പും മുള്‍വേലികെട്ടി തിരിച്ചു. ഒരു കിലോമീറ്റര്‍ ദൂരപരിധിയിലെ ഏക വീടായിരുന്നു ഇത്. വൈദ്യുതി, വെള്ളം കണക്ഷനില്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ളത്. അടുക്കളയുണ്ടായിരുന്നെങ്കിലും പുറത്തെ മണ്‍കുടിലിലായിരുന്നു പാചകം. മകളും മൃഗങ്ങളുമായിരുന്നു ഏക സമ്പാദ്യമെന്നും ഒരിക്കലും അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നില്ലെന്നും വളര്‍ത്തുപിതാവ് പറയുന്നു. യഥാര്‍ഥ പിതാവ് ഭാര്യാസഹോദരന് നല്‍കിയതാണ് പെണ്‍കുട്ടിയെ. ഒരു റോഡപകടത്തില്‍ മാതാവും മൂന്ന് കുട്ടികളും മരിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന ഭാര്യാസഹോദരനെയും അവന്റെ ഭാര്യയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് യഥാര്‍ഥ പിതാവ് ഈ ത്യാഗം ചെയ്തത്. എത്രതന്നെ മക്കളുണ്ടെങ്കിലും അവരെ വേര്‍പിരിയുകയെന്നത് എത്രമാത്രം കഠിനതരമാണെന്ന് പറയേണ്ടതില്ലല്ലോ. 16 വയസ്സാകുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഈ കൈമാറ്റം.

പെണ്‍കുട്ടിയുടെ മരണം മറ്റൊരു തലത്തിലേക്ക് പോകുന്നുവെന്ന് കണ്ട് വളര്‍ത്തുപിതാവും സ്വന്തം പിതാവും കുടുംബസമേതം രസന വിട്ട് മലകയറി. ജമ്മു മേഖലയില്‍ മൊത്തം 62.55 ശതമാനം ഹിന്ദു സമൂഹമുണ്ടെന്ന പശ്ചാത്തലത്തിലാണിത്. മുസ്‌ലിംകള്‍ 33.45 ശതമാനം മാത്രവും. കശ്മീരി താഴ്‌വരയില്‍ നിന്ന് വിഭിന്നമായി മുസ്‌ലിം സമൂഹം വളരെ തുച്ഛമായിരുന്നിട്ടും അവരെ ഭയക്കുന്നുവെങ്കില്‍ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ അളവ് എത്രമാത്രമായിരിക്കും. 1991ല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പട്ടിക വര്‍ഗമായി അംഗീകരിച്ച വിഭാഗമാണ് ബക്ര്‍വാലകള്‍. 2001ല്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ പൊതു സംവരണ പദ്ധതിക്ക് കീഴില്‍ പട്ടിക വര്‍ഗമായി അംഗീകരിക്കപ്പെട്ടു. അഥവാ പ്രത്യേക പരിഗണനയും സംരക്ഷണവും അര്‍ഹിക്കുന്ന ഗോത്രവര്‍ഗമാണ് പ്രകൃതിയോടൊട്ടി ജീവിക്കുന്ന ഇവര്‍. വടക്കേ ഇയിന്ത്യയില്‍ പ്രബലരായ ഗുജ്ജാറുകളുടെ സമാന വംശമാണ് ഇവരുടെതും. ഇവര്‍ക്കിടയില്‍ വിവാഹം പതിവാണ്. ദക്ഷിണേഷ്യയില്‍ പീര്‍പാഞ്ചലിലും ഹിമാലയന്‍ പര്‍വതങ്ങളിലും ജീവിക്കുന്ന നാടോടി ഗോത്രമായ ബക്ര്‍വാലകള്‍ അധികവും സുന്നി മുസ്‌ലിംകളാണ്. വേനല്‍ക്കാലത്ത് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാലികളെയും തെളിച്ച് കശ്മീരിലേക്കും ലഡാക്കിലേക്കും പോകുന്ന ഇവര്‍ ശൈത്യകാലത്ത് ജമ്മുവിലേക്ക് മടങ്ങും. ഭരണകൂടങ്ങള്‍ക്ക് സൈനിക നടപടി കാലത്ത് ബക്ര്‍വാലകള്‍ വലിയ സഹായികളായിട്ടുണ്ട്. 1947ല്‍ പാക് അധിനിവേശകാലത്ത് മഹാരാജ ഹരി സിംഗിനും 1965ല്‍ പാക് യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിനും ഏറെ സഹായകരമായിരുന്നു ഇവരുടെ സേവനം. കാര്‍ഗില്‍ സമയത്ത് പാക്കിസ്ഥാന്‍ സൈന്യം പരിശീലിപ്പിച്ചയച്ച തീവ്രവാദികള്‍ നുഴഞ്ഞുകയറി പര്‍വതനിരകളില്‍ ഒളിച്ചപ്പോള്‍ ഇവരെ കുറിച്ച് വിവരം നല്‍കാനും തുരത്താനും ബക്ര്‍വാലകളുടെ സഹായം ഇന്ത്യന്‍ സൈന്യത്തിന് വിലമതിക്കാനാകാത്തതാണ്.

കടുത്ത വെറുപ്പും വിദ്വേഷവും ആണ് സംഭവത്തിന് പിന്നിലെങ്കിലും ജമ്മുവിലെ ഭൂരിപക്ഷ സമൂഹത്തെ ഒന്നടങ്കം ഇതില്‍ പ്രതി ചേര്‍ക്കാനാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണയെന്നോണമുണ്ടാകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ബലാത്സംഗങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങളിലൊന്നായി കത്വ മാറാതിരുന്നത് തീര്‍ച്ചയായും ചില പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും സജീവമായി ഇടപെട്ടതിനാലാണ്. ആദ്യനാളുകളില്‍ തന്നെ ചില പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുപറയാതിരിക്കാന്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി സ്വീകരിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിലും ഒടുവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയിലെത്തിയപ്പോള്‍ ഗേറ്റില്‍ അവരെ തടയാന്‍ അഭിഭാഷകര്‍ തന്നെ രംഗത്തിറങ്ങിയിരുന്നെങ്കിലും ഇതേ വര്‍ഗത്തില്‍ പെട്ടവര്‍ തന്നെയാണ് കേസില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ക്രൈം ബ്രാഞ്ച് എസ് പിയായ രമേഷ് കുമാര്‍ ജല്ല, ദീപിക സിംഗ് എന്ന അഭിഭാഷക എന്നിവരാണവര്‍. പല കോണില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടായിട്ടും തന്റെ കൃത്യനിര്‍വഹണത്തില്‍ അണുവിട മാറാതെ നിലകൊണ്ടു രമേഷ് കുമാര്‍ ജല്ലയെന്ന ഉദ്യോഗസ്ഥന്‍. ക്രൈം ബ്രാഞ്ച് എസ് പിയായ ആര്‍ കെ ജല്ലയാണ് കേസില്‍ റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പഴുതുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിച്ച സംഘത്തെ നയിച്ചത്. ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം കോടതിയിലെത്തി. ഹൈക്കോടതി വെച്ച അന്ത്യശാസന സമയമായ 90 ദിവസം തീരാന്‍ 10 ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. 90 ദിവസമെന്ന സാങ്കേതികത്വം മറികടക്കാന്‍ വേണമെങ്കില്‍ ജല്ലക്ക് കുറ്റപത്ര സമര്‍പ്പണം വൈകിപ്പിക്കാമായിരുന്നു. അതുവഴി പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനും. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെയും മറ്റും സ്വാധീനിക്കാനും എളുപ്പം. എന്നാല്‍ ജല്ല സത്യത്തിന്റെ കാവലാളായി. ഈ കുറ്റപത്രമാണ് കാമവെറിയുടെയും വംശീയതയുടെയും ഭീകര മുഖം ലോകത്തിന് മുമ്പില്‍ തുറന്ന് വെച്ചത്. ഇരകള്‍ക്ക് കൃത്യമായ നിയമസഹായമൊരുക്കിയാണ് ദീപിക സിംഗ് നീതിയുടെ കാവലാളായത്. വര്‍ഗീയതയുടെ ഏറ്റവും കടുത്ത ആവിഷ്‌കാരമാണ് നടന്നതെന്ന ബോധ്യമാണ് ജല്ലയെയും ദീപികയെയും പോലുള്ളവരെ ഇരകള്‍ക്കൊപ്പം അടിയുറച്ച് നിര്‍ത്തിയത്. ഇരയായ കുട്ടിയുടെ കുടുംബത്തിന് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ചത് 38കാരിയായ ദീപിക തുസൂ സിംഗാണ്. ദീപിക നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകരുതെന്ന് തന്നോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹൈക്കോടതിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് ദീപിക പറഞ്ഞിരുന്നു. കൊടും ക്രൂരത ചെയ്ത പ്രതികള്‍ക്ക് വേണ്ടി ഭാരത് മാതാ കീ ജയ് എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നതില്‍ ലജ്ജ തോന്നുന്നു. ഇത്തരം കുറ്റ കൃത്യങ്ങളില്‍ പോലും മതവും നിറവും നോക്കുന്നത് നാണക്കേടാണെന്ന് ദീപിക പറയുന്നു. ജനാധിപത്യവും മതേതരത്വവും സാമുദായിക മൈത്രിയും അസ്തമിച്ചിട്ടില്ലെന്നും അപരവിദ്വേഷ കാലത്തും മെഴുകുതിരിവെട്ടങ്ങളുണ്ടെന്നുമുള്ള ശുഭസൂചനകളായിരിക്കുകയാണിത്.

കത്വ സംഭവം അവസാനത്തേതാകാനിടയില്ല. ഇത്തരം ഓരോ സംഭവമുണ്ടാകുമ്പോഴും സൈബറിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത് അവസാനത്തേതെന്ന വായ്ത്താരി ക്ലീഷേയായിരിക്കുന്നു. പക്ഷേ ഇവക്ക് പ്രചോദനമാകുന്ന, ചെല്ലും ചെലവും നല്‍കുന്ന പ്രത്യയശാസ്ത്രങ്ങളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിലേക്ക് സമൂഹം ഉയരേണ്ടതുണ്ട്. അത് എത്രതന്നെ സ്വന്തം ആള്‍ക്കാരായാലും. കേരളത്തില്‍ പോലും ഇപ്പോഴും ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചിരിക്കുന്നവരുണ്ട്. എന്തോ നഷ്ടപ്പെടുമെന്ന ഭീതിയില്‍. സ്വന്തം പോക്കറ്റ് കാലിയായപ്പോള്‍ മാത്രം നോട്ട് പിന്‍വലിച്ചതിനെതിരെ ഒച്ചയുയര്‍ത്തിയവര്‍ തങ്ങളുടെ സേഫ് സോണിലേക്ക് ഇത്തരം അതിക്രമങ്ങളുണ്ടാകുമ്പോള്‍ രംഗത്തുവരുമായിരിക്കാം. തിരിച്ചറിഞ്ഞ ഒരു ജനതയും അവരെ നയിക്കാനുള്ള നേതാക്കളുമുണ്ട് എന്നത് തീര്‍ച്ചയായും ശുഭോദര്‍ക്കമാണ്. അധികാരവും തിരഞ്ഞെടുപ്പ് നേട്ടവും ലക്ഷ്യം വെച്ച് സമൂഹത്തെ ധ്രുവീകരിക്കുന്നവരുടെ വാക്കുകളും ശരീര ചേഷ്ടകളും എത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്നതിന് തെളിവാണ് കത്വയും. പിങ്ക് വിപ്ലവം, അതിര്‍ത്തി കടന്നുവന്നവര്‍, നമ്മള്‍/ അവര്‍ തുടങ്ങിയ പ്രയോഗങ്ങളും ദ്വന്ദ്വ നിര്‍മിതിയും അപരവത്കരണവുമെല്ലാം എത്ര അഖ്‌ലാഖുമാരെയും പെഹ്‌ലുഖാന്‍മാരെയും ഉന ദളിതുകളെയും മറ്റുമാണ് സൃഷ്ടിച്ചത്. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നുണ്ടാകുന്ന ഇത്തരം വാക്കുകള്‍ക്ക് രസന ഗ്രാമത്തിലെ ആ പനനീര്‍പുഷ്പത്തെ പിച്ചിച്ചീന്തിയതിന്റെ പാപഭാരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ജീവനുള്ളിടത്തോളം കാലം അത് വേട്ടയാടുക തന്നെ ചെയ്യും.

 

Latest