കോണ്‍ഗ്രസുമായി സഹകരണം; സി പി എം രാഷ്ട്രീയ അടവ്‌നയത്തില്‍ ഭിന്നത

  • സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും
  • കരട് രാഷ്ട്രീയ നയം കാരാട്ട് അവതരിപ്പിക്കും, യെച്ചൂരി വിയോജിപ്പ് രേഖപ്പെടുത്തും
Posted on: April 17, 2018 9:32 pm | Last updated: April 18, 2018 at 11:33 am

ഹൈദരാബാദ്: സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങാനിരിക്കെ പാര്‍ട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയ, കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന ബദല്‍ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനാണ് ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരിയുടെ നീക്കം. രാഷ്ട്രീയ അടവ് നയത്തെ ചൊല്ലി ഇന്നലെ ചേര്‍ന്ന പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും വിയോജിപ്പ് പ്രകടമായി. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പില്‍ യാതൊരു സഹകരണവും പാടില്ലെന്ന ഔദ്യോഗിക കരട് നയം പി ബി അംഗം പ്രകാശ് കാരാട്ട് ആയിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. യെച്ചൂരിയും സമാനനിലപാടുള്ള മറ്റുനേതാക്കളും ഇതിനുള്ള വിയോജിപ്പ് രേഖപ്പെടുത്തും. ഇന്നലെ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗം ഇതിന് അനുമതി നല്‍കി. വിഷയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ സമവായനീക്കവും നടക്കുന്നുണ്ട്.

പ്രകാശ് കാരാട്ടും കൂടെയുള്ളവരും കോണ്‍ഗ്രസുമായി സഖ്യമോ തിരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ്. പാര്‍ട്ടിയിലേറെ സ്വാധീനമുള്ള കേരളഘടകത്തിന്റെ പിന്തുണയോടെയാണ് ഈ നീക്കം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ഹൈദരാബാദില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതും ഇക്കാര്യം തന്നെ. പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും വോട്ടിനിട്ട് വിജയിപ്പിച്ചെടുത്ത ഈ രാഷ്ട്രീയ ലൈന്‍ അതേപടി പാര്‍ട്ടികോണ്‍ഗ്രസും അംഗീകരിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന കരട് രാഷ്ട്രീയ നയം അംഗീകരിച്ചാണ് നേതാക്കള്‍ ഹൈദരബാദിലെത്തിയതെങ്കിലും ചെറിയ വിട്ടുവീഴ്ച്ചകളെങ്കിലും ഇക്കാര്യത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും എന്നാല്‍ ആര്‍ എസ് എസിനെയും ബി ജെ പിയെയും നേരിടാന്‍ രാഷ്ട്രീയ അടവ് നയം സ്വീകരിക്കണമെന്നുമാണ് യെച്ചൂരി ആവര്‍ത്തിക്കുന്നത്. എല്ലാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് അവസാന നിമിഷവും പ്രതികരിച്ച യെച്ചൂരി തന്റെ ലൈന്‍ ഭാഗികമായെങ്കിലും അന്തിമമായി അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. വിയോജിപ്പ് അവതരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ഘടകവും ഈ പ്രതീക്ഷ തന്നെ.