സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തോളം കേസുകള്‍

Posted on: April 17, 2018 6:59 pm | Last updated: April 17, 2018 at 9:30 pm

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ വിധി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തോളം കേസുകള്‍. പ്രതികളെയും സാക്ഷികളെയും ഹാജരാക്കാന്‍ സാധിക്കാത്തതുമൂലം സംസ്ഥാനത്തെ സെഷന്‍സ് കോടതികളിലും മജിസ്‌ട്രേറ്റ് കോടതികളിലും കാലങ്ങളായി കെട്ടിക്കിടക്കുന്നത് ആകെ 1,47,266 കേസുകളാണ്. സെഷന്‍സ് കോടതികളില്‍ ആകെ 2838 കേസുകളും മജിസ്‌ട്രേറ്റ് കോടതികളില്‍ ആകെ 1,44,428 കേസുകളുമാണു തീര്‍പ്പാകാതെ കിടക്കുന്നത്. ഹൈക്കോടതി സമാഹരിച്ച കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കുകളാണ് പുറത്ത് വന്നത്.

അനന്തമായി കേസ് നീളുന്നതില്‍ ആക്ഷേപമുന്നയിച്ച് നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ക്കിടെയാണു സംസ്ഥാനത്തെ ദീര്‍ഘകാല പെന്‍ഡിങ് രജിസ്റ്ററിലെ കേസുകളുടെ കണക്ക് ഹൈക്കോടതി വിളിച്ചുവരുത്തിയത്. ആലുവ സ്വദേശി ഹംസയാണ് തന്റെ കേസ് നീണ്ടുപോകുന്നതില്‍ ആക്ഷേപമുന്നയിച്ച് ഹരജി നല്‍കിയത്.