Connect with us

National

എന്നിട്ടും മതിയായില്ല; കത്വ സംഭവത്തില്‍ പ്രതികളെ പിന്തുണച്ച മുന്‍ മന്ത്രിക്ക് സ്വീകരണം; റോഡ് ഷോ

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലെ പ്രതികളെ പിന്തുണച്ച മുന്‍ മന്ത്രിക്ക് സ്വീകരണം. ബിജെപി നേതാവായ ലാല്‍ സിംഗിനാണ് ജമ്മുവില്‍ സ്വീകരണം നല്‍കിയത്. സ്വീകരണ പരിപാടിയുടെ ഭാഗമായി ലാല്‍ സിംഗിന്റെ റോഡ് ഷോയും നടന്നു. സംഭവത്തില്‍ പിടിയിലായവര്‍ യഥാര്‍ത്ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്നും പോലീസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ലാല്‍ സിംഗ് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും ലാല്‍ സിംഗ് ആവശ്യപ്പെട്ടു.

റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഹിന്ദു ഏകതാ മഞ്ചിന്റെ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്. കത്വ പീഡനക്കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി റാലി നടത്തിയതിനെ തുടര്‍ന്ന് വനംമന്ത്രി ലാല്‍ സിംഗ്, വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് എന്നിവര്‍ രാജിവെച്ചിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി. തങ്ങള്‍ നിരപരാധികളാണെന്നും പരാതിക്കാരെ നുണപരിശോധനക്ക് വിധേയരാക്കണമെന്നും കേസിലെ എട്ട് പ്രതികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണവും റോഡ് ഷോയും നടത്തിയത്.

Latest