പ്രീമിയര്‍ ലീഗില്‍ സിറ്റി ചാമ്പ്യന്‍ന്മാര്‍

Posted on: April 17, 2018 6:28 am | Last updated: April 17, 2018 at 10:02 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ബദ്ധവൈരികളും രണ്ടാം സ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ് ബ്രോമിനോട് തോല്‍വി വഴങ്ങിയതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ വെസ്റ്റ് ബ്രോം മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡിനെ അട്ടിമറിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ പെപ് ഗാര്‍ഡിയോളയുടെ സംഘം കിരീടം ഉറപ്പിക്കുകയായിരുന്നു. 33 മത്സരങ്ങളില്‍ 87 പോയിന്റ് നേടിയാണ് സിറ്റിയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ 16 പോയിന്റിന്റെ ലീഡാണ് സിറ്റിക്കുള്ളത്. ലീഗില്‍ ശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ ജയിച്ചാലും 15 പോയിന്റ് മാത്രമേ യുനൈറ്റഡിന് ലഭിക്കൂ.

33 കളികളില്‍ 28ലും വിജയം കണ്ട സിറ്റി മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സമനില വഴങ്ങിയത്. തോല്‍വിയറിഞ്ഞത് രണ്ട് കളികളില്‍ മാത്രം. യുനൈറ്റഡ് 22 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയായി. ആറെണ്ണം പരാജയപ്പെട്ടു. 34 കളികളില്‍ 70 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാമതും 33 കളികളില്‍ 37 പോയിന്റുമായി ടോട്ടനം നാലാമതും 33 കളികളില്‍ 60 പോയിന്റുമായി ചെല്‍സി അഞ്ചാമതുമാണ്.

കഴിഞ്ഞ ദിവസം വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തെ സിറ്റി തകര്‍ത്തിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ വിജയം. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ഏഴ് വര്‍ഷത്തിനിടെ സിറ്റി നേടുന്ന മൂന്നാം കിരീടം കൂടിയാണിത്.