ലഹരി വാഴും കലികാലം

ബോധവത്കരണത്തിലൂടെ പുകവലിയെന്ന വിപത്ത് കുറക്കാന്‍ സാധിച്ച അനുഭവം നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയ സാമൂഹിക സന്നദ്ധസംഘടനകളെല്ലാം ലഹരിക്കെതിരെ ബോധവത്കരണ രംഗത്ത് സജീവമാകണം. ലഹരി വിരുദ്ധ സമിതികള്‍ രൂപവത്കരിച്ച് ജാഗ്രത പുലര്‍ത്തണം. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിപണനം നടത്തുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം. ശക്തമായ ബോധവത്കരണത്തിലൂടെയും നടപടികളിലൂടെയും മുന്നോട്ടു പോയാല്‍ തീര്‍ച്ചയായും ഈ സാമൂഹിക വിപത്തിനെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. ഈ ലക്ഷ്യത്തോടെ 'ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ യുവജന സംഘം ലഹരി വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.
Posted on: April 17, 2018 6:00 am | Last updated: April 16, 2018 at 10:50 pm

മനുഷ്യനു സ്രഷ്ടാവ് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ബുദ്ധി. ഇതര ജീവികളില്‍ നിന്നു വ്യത്യസ്തമായ ചിന്താശേഷിയാണ് മനുഷ്യ പുരോഗതിയുടെ ചാലക ശക്തി. ഈ സവിശേഷകരമായ സിദ്ധിയെയാണ് ലഹരി നശിപ്പിക്കുന്നത്. ലഹരിക്ക് അടിപ്പെടുന്നതോടെ മനുഷ്യന്‍ തന്റെ സ്വത്വം വലിച്ചെറിയുകയാണ്. വിവധതരം മദ്യങ്ങള്‍ക്ക് പുറമെ, കഞ്ചാവ്, കറുപ്പ്, ഹെറൊയിന്‍, ഹാഷിഷ്, കൊക്കൈന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ മയക്കുമരുന്നുകളും ലഹരിക്കു വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു. ലഹരി പദാര്‍ഥങ്ങള്‍ നേരിട്ട് ഉപയോഗിക്കാന്‍ തയാറാവാത്തവരെ ഘട്ടംഘട്ടമായി അതിലേക്ക് എത്തിക്കാന്‍ പലതരം ഉത്പന്നങ്ങളും ലഹരിമാഫിയകള്‍ വിപണിയിലിറക്കിയിട്ടുണ്ട്.

മിഠായികള്‍, നാവിനടിയില്‍ വെക്കുന്നതും ചുണ്ടിനുള്ളില്‍ വെക്കുന്നതുമായ വസ്തുക്കള്‍, ഐസ്‌ക്രീം രൂപത്തിലും സിപ്പപ്പ് മോഡലിലും ഉള്ളവ തുടങ്ങി വാസനിച്ചാല്‍ ലഹരി ലഭിക്കുന്നതടക്കം വില്‍പന നടക്കുന്നുണ്ടത്രെ.

കോഴിക്കോട് ജില്ലയിലെ ഹൈസ്‌കൂളിനു സമീപമുള്ള പെട്ടിക്കടയില്‍ സിപ്പപ്പിനു വേണ്ടി അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടുകയും അതു ലഭിക്കാത്ത കുട്ടികള്‍ അസ്വസ്ഥരാവുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ അധികൃതരെ വിവരമറിയിച്ചു. ആ കടയില്‍ റെയ്ഡ് ചെയത് പിച്ചെടുത്ത സിപ്പപ്പില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയത്രേ.

കുട്ടികളെ ലഹരിയുടെ ലോകത്തേക്കെത്തിക്കാന്‍ ഇത്തരം നീചനീക്കങ്ങളാണ് ചില പണാര്‍ഥികളായ കച്ചവടക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളില്‍ പോലീസ് നടത്തിയ ഒരു വേട്ടയില്‍ 48 കുട്ടികളെയാണ് ലഹരിയുമായി ബന്ധപ്പെട്ട് പിടികൂടുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി കൗണ്‍സലിംഗ് നല്‍കി വിട്ടയക്കുകയും ചെയ്തത്. ലഹരി മാഫിയകള്‍ കുട്ടികളെയാണ് കാര്യമായി വലയില്‍ വീഴ്ത്തുന്നത്. കഴിഞ്ഞ ദിവസം എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത് ഏറ്റവുമധികം ലഹരിവസ്തുകള്‍ കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് എന്നാണ്. വിദ്യാര്‍ഥികളെ വലവീശുന്നതിന് പിന്നില്‍ മാഫിയകള്‍ക്ക് ഇരട്ട ലക്ഷ്യങ്ങളുണ്ട്. ഒന്ന് കുട്ടികളെ ഇരകളായി കിട്ടിയാല്‍ ദീര്‍ഘകാല ഉപഭോക്താവിനെയാണ് ലഭിക്കുന്നത്. ഇതോടൊപ്പം ഇവരെ ഉപയോഗിച്ച് വില്‍പനയും പൊടിപൊടിക്കാം.മൊബൈലും ബൈക്കുമടക്കം ജീവിതച്ചെലവുകള്‍ ഒപ്പിച്ചെടുക്കാനുള്ള കുറുക്കുവഴിയായി കുട്ടികള്‍ ഇതിനെ തിരഞ്ഞെടുക്കുകയും ചെയ്യുകയാണ്.

സ്‌കൂള്‍ സമയത്ത് കാറുകളിലും ബൈക്കുകളിലുമായി ചിലര്‍ റോഡിലെത്തുന്നു. കൈകാണിക്കുന്ന കുട്ടികളെ ഒരു സഹായമെന്ന തരത്തില്‍ കയറ്റുകയും സൗഹൃദം നടിച്ച് വീട്ടിലെ വിവരങ്ങള്‍ അടക്കം ചോദിച്ചറിയുകയും ചെയ്യുന്നു. ഇതാവര്‍ത്തിക്കുകയും വലയില്‍ വീഴ്ത്തി വിവിധതരം ലഹരികള്‍ക്കും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇരയാക്കുകയും ചെയ്യുന്നു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളെ ബോധവത്കരിച്ച് അപരിചിതരുടെ വാഹനത്തില്‍ കയറുന്ന പ്രവണത ഇല്ലാതാക്കണം.

പ്രത്യാഘാതങ്ങള്‍

പെട്ടിക്കടകളില്‍ നിന്നും ലഭിക്കുന്ന പാന്‍ ഉത്പന്നങ്ങളില്‍ നിന്നും ലഹരി മിഠായികളില്‍ നിന്നും തുടങ്ങി, പിന്നീട് കഞ്ചാവിന്റെയും ബ്രൗണ്‍ ഷുഗറിന്റെയും അടിമകളായിത്തീരുകയും ഒടുവില്‍ ലഹരി മതിയാകാതെ വരുമ്പോള്‍ നേരിട്ട് കുത്തിവെക്കുന്നതിലേക്കും വളരുന്നതാണ് ലഹരിയോടുള്ള ആര്‍ത്തി. ലഹരിക്ക് അടിമയാകുന്നതോടെ തീവ്രമായ ഉത്കണ്ഠ, അകാരണമായ ഭയം, ആത്മഹത്യാചിന്ത, തനിയെ ചിരിച്ചുകൊണ്ടിരിക്കല്‍, കലഹ വാസന പ്രകടിപ്പിക്കല്‍ മാതാപിതാക്കളടക്കമുള്ള അടുത്ത ബന്ധുക്കളെ ശത്രുക്കളായി കാണല്‍, കുടുംബത്തില്‍നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു ജീവിക്കാന്‍ താത്പര്യം തോന്നല്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ പിടിപെടുന്നു. ക്രമേണ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് വിഷാദ രോഗിയായി തെരുവില്‍ അലയുകയും ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ന്നു അകാലമരണം വരിക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ നാടുകളില്‍ പ്രതിവര്‍ഷം ഒമ്പത് ലക്ഷം പേരാണത്രേ ലഹരി മൂലം മരണപ്പെടുന്നത്. ഇന്ത്യയില്‍ രണ്ടരദശലക്ഷം ആളുകളാണ് ലഹരിയുടെ മായാലോകത്ത് അകപ്പെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് തെരുവില്‍ കഴിയുന്നത്. പഞ്ചാബ,് ഒഡീഷ, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടക്കുന്നതെങ്കിലും കേരളവും ആ പട്ടികയിലേക്ക് കയറിപ്പറ്റുന്ന നാളുകള്‍ വിദൂരമല്ല എന്നതാണ് വര്‍ത്തമാനകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എക്‌സൈസ് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 41,793 അബ്കാരി കേസുകള്‍. ഈ കാലയളവില്‍ 10,162 എന്‍ സി പി എസ് കേസുകളും 1,29,938 കോപ്ടാ കേസുകളും റജിസ്റ്റര്‍ ചെയ്തു. ആകെ 47,642 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കാടുവഴിയാണ് മലബാറിലേക്ക് കഞ്ചാവ് ഒഴുകുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന ഈ ലഹരി വസ്തു ടണ്‍കണക്കിനാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പിടിച്ചെടുത്തത്. പിടിക്കാതെ പോയത് പിടികൂടിയതിന്റെ പതിന്‍മടങ്ങ് വരുമെന്ന് പറയേണ്ടതില്ലല്ലോ.

ലഹരിക്ക് അടിപ്പെടുന്നവര്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും ചില്ലറയല്ല. 40 ശതമാനം കുറ്റകൃത്യങ്ങള്‍ക്ക് ലഹരിയുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊലപാതകങ്ങള്‍ 80 ശതമാനവും കൈയേറ്റങ്ങള്‍ 78 ശതമാനവും ബലാത്‌സംഗങ്ങള്‍ 75 ശതമാനവും ലഹരിയുടെ അകമ്പടിയോടെയാണ് നടക്കുന്നത്. വാഹനാപകടങ്ങളില്‍ 80 ശതമാനവും ഒന്നുകില്‍ ഡ്രൈവറുടെ മദ്യപാനം അല്ലങ്കില്‍ റോഡിലൂടെ നടക്കുന്നവന്റെ മദ്യപാനം എന്നിവയാണ് കാരണം. രാഷ്ട്രീയ സംഘട്ടനങ്ങള്‍, കലാകായിക മത്സര വേദികളിലെ കൈയാങ്കളികള്‍ തുടങ്ങി വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ തുടക്കമിടുന്നതും മദ്യപാനികളോ ലഹരിക്ക് അടിമപ്പെട്ടവരോ ആണ്.

മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി കാണുമ്പോള്‍ ഭാവിതലമുറയുടെ ജീവിതകാലം ഇരുളടഞ്ഞ കലികാലമായിരിക്കുമെന്നു തീര്‍ച്ചയാണ്. എത്രയോ നാഗരികതകളെ തകര്‍ത്തെറിഞ്ഞ സംസ്‌കാരങ്ങളെ നശിപ്പിച്ചുകളഞ്ഞ, ഭരണകൂടങ്ങളെ ഉന്‍മൂലനം ചെയ്ത നാശകാരിയാണ് ലഹരിയെന്ന് നാം തിരിച്ചറിയുകയും കൂട്ടനാശത്തിനു മുമ്പ് ലഹരിമുക്തനാടിനായി നാം ഒന്നിച്ചിറങ്ങുകയും ചെയ്യേണ്ടതാണ്.

ജീവിതം തകര്‍ക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആരും ലഹരി ഉപയോഗിക്കുകയില്ല. ചില ധനമോഹികളുടെ കെണിവലയില്‍ അകപ്പെട്ടാണ് പലരും ഇതിന്റെ പിടിയിലമരുന്നത്. മദ്യക്കച്ചവടത്തിനു പ്രോത്സാഹനം നല്‍കുന്ന ഭരണ കൂടവും ഇതുതന്നെയല്ലേ ചെയ്യുന്നത്? ഒരു കൈ മദ്യം ഒഴിച്ചു കൊടുക്കുകയും മറുകൈകൊണ്ട് ഇത് അപകടമാണെന്ന് കുറിപ്പ് നല്‍കുകയും ചെയ്യുന്ന ഏര്‍പ്പാടാണ് നമ്മുടെ സര്‍ക്കാറുകള്‍ സ്വീകരിച്ചു വരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വി എം സുധീരന്റെയും ചില ഈഗോ മത്സരത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണെങ്കിലും മദ്യത്തിന്റെ വ്യാപനത്തിനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന ചില നടപടികളെയെല്ലാം അട്ടിമറിച്ചാണ് പിണറായി സര്‍ക്കാറിന്റെ പുതിയ മദ്യനയം മുന്നോട്ടുപോകുന്നത്. യുവാക്കളെ മുഴുവന്‍ കുടിപ്പിച്ചു കിടത്തി സ്വബോധമില്ലാതെ, നിലത്ത് കാലുറക്കാത്ത ഒരു തലമുറയെ മുന്നില്‍ വെച്ച് എന്ത് വികസിത രാഷ്ട്രമാണ് നാം സ്വപ്‌നം കാണുന്നത്? മാനവവിഭവ ശേഷിയാണ് ഒരു നാടിന്റെ സമ്പത്ത്. അതു നശിപ്പിച്ചുകൊണ്ട് റോഡും പാലവും പണിതിട്ട് എന്തു കാര്യമാണുള്ളത്.

പരിഹാരം

കേരളീയര്‍ കൂട്ടത്തോടെ ലഹരിയുടെ മായാവലയത്തില്‍ അകപ്പെടുന്നതിനു മുമ്പ് ശക്തമായ ബോധവത്കരണത്തിലൂടെയും, ചില നടപടികളിലൂടെയും മുന്നോട്ടു പോയാല്‍ തീര്‍ച്ചയായും ഈ സാമൂഹിക വിപത്തിനെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. ഈ ലക്ഷ്യത്തോടെ ‘ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ യുവജന സംഘം (എസ് വൈ എസ്) ലഹരി വിരുദ്ധ കാമ്പയിന്‍ആരംഭിച്ചിരിക്കുകയാണ്. മെയ് 10 വരെ നീണ്ടുനില്‍ക്കും. പുകവലി എന്ന മഹാവിപത്തിനെ ബോധവത്കരണത്തിലൂടെ ഗണ്യമായി കുറക്കാന്‍ സാധിച്ച അനുഭവം നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയ സാമൂഹിക സന്നദ്ധസംഘടനകളെല്ലാം ലഹരിക്കെതിരെ ബോധവത്കരണ രംഗത്ത് സജീവമാകണം. ലഹരി വിരുദ്ധ സമിതികള്‍ രൂപവത്കരിച്ച് ജാഗ്രത പുലര്‍ത്തണം. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിപണനം നടത്തുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം. പ്രസിദ്ധീകരണങ്ങളും പത്ര മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളുമെല്ലാം ലഹരിവിരുദ്ധ പംക്തികള്‍ തുടങ്ങുകയും വാര്‍ത്തകള്‍ നല്‍കുകയും വേണം.

ലഹരിക്കടിമപ്പെടുന്നവരുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ കൗണ്‍സിലിംഗിനു വിധേയമാക്കണം. ഇതിനായി സ്‌കൂളില്‍ പ്രത്യേകം മനഃശാസ്ത്ര വിദഗ്ധരെ നിയമിക്കണം. ലഹരി ഉത്പ്പന്നങ്ങളെ കണ്ടെത്തി നിരോധിക്കാന്‍ അധികൃതര്‍ ജാഗ്രത കാണിച്ചാല്‍ ഈ മഹാമാരിയെ നമുക്ക് തുരത്താനാവും തീര്‍ച്ച.