Connect with us

National

2019 പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനായി കേംബ്രിജ് അനലറ്റിക്ക പദ്ധതി തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

 

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിജ് അനലറ്റിക്ക കമ്പനി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നതിന് പദ്ധതി രൂപപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും കോണ്‍ഗ്രസ് അനുകൂല പ്രചാരണം സംഘടിപ്പിക്കാനുള്ള വിശദ പ്രോജക്ട് സമര്‍പ്പിച്ചിരുന്നതായും അനലറ്റിക്ക കമ്പനി മേധാവി കോണ്‍ഗ്ര്‌സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍നിന്ന് സമ്മതിദായകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇതുപയോഗിച്ച് വോട്ടര്‍മാരുടെ താല്‍പര്യങ്ങളെ സ്വാധീനിക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് കേംബ്രിജ് അനലിറ്റിക്ക മുന്നോട്ടുവെച്ചത്. രണ്ടര കോടി രൂപയുടേതായിരുന്നു ഈ പദ്ധതി. 2017 ആവസാനത്തോടെയായിരുന്നു ഇത്.

കേംബ്രിജ് അനലറ്റിക്ക അധികൃതര്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി ബന്ധപ്പെട്ടതായും കൂടിക്കാഴ്ച്ച നടത്തിയതായും പാര്‍ട്ടിയുടെ ഡാറ്റാ അനാലിസിസ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി സമ്മതിച്ചിട്ടുണ്ട്. കമ്പനി സമീപിച്ച് ഒരു രൂപരേഖ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രവീണ്‍ പറഞ്ഞു.

കേംബ്രിജ് അനലറ്റിക്കയുടെ പുറത്താക്കപ്പെട്ട മേധാവി അലക്‌സാണ്ടര്‍ നിക്‌സ് ആണ് അദ്ദേഹം പദവിയിലിരുന്ന സമയത്ത് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നത്. ജയറാം രമേഷ്, പി ചിദംബരം എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തതായാണ് വിവരം.

Latest