ഒ പി ബഹിഷ്‌കരിച്ചുള്ള സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കെ ജി എം ഒ എ

Posted on: April 14, 2018 6:29 am | Last updated: April 14, 2018 at 12:34 am

കോഴിക്കോട്: ഒ പി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. ഇന്നുമുതല്‍ പുതുതായി എത്തുന്ന രോഗികളെ ചികിത്സിക്കില്ല. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ 18 മുതല്‍ കിടത്തി ചികിത്സാ സേവനവും ബഹിഷ്‌കരിക്കുമെന്ന് കെ ജി എം ഒ എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ പ്രക്ടീസിനു വേണ്ടിയാണ് സമരമെന്ന ആരോഗ്യമന്ത്രിയുടെ വാദം വാസ്തവിരുദ്ധമാണ്.

ആര്‍ദ്രം പദ്ധതിയുടെ യാഥാര്‍ഥ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുകയാണ്. രോഗീസൗഹൃദ ആശുപത്രിയെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണ്. ഒ പി സമയം നീട്ടണമെങ്കില്‍ മിനിമം അഞ്ച് സ്ഥിരം ഡോക്ടര്‍മാരുടെ തസ്തികള്‍ വര്‍ധിപ്പിക്കണം. ഒരു ഡോക്ടര്‍ തനിച്ച് നൂറിലധികം രോഗികളെ പരിശോധിക്കേണ്ട സാഹചര്യമാണ് മിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമുള്ളത്. സെക്കന്റുകള്‍ കൊണ്ട് രോഗപരിശോധന നടത്തി ചികിത്സ നടത്തേണ്ട അവസ്ഥ രോഗികളിലും ഡോക്ടര്‍മാരിലും മാനസിക സമ്മര്‍ദം സൃഷ്ടിക്കാറുണ്ട്. നിലവില്‍ ആര്‍ദ്രത്തിലൂടെ സര്‍ക്കാര്‍ കാണിക്കുന്നത് കൈയടി നേടാനുള്ള ചെപ്പടിവിദ്യ മാത്രമാെണന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ആര്‍ദ്രം പദ്ധതിക്കെതിരല്ല. പദ്ധതിയിലെ തെറ്റായ രീതികള്‍ മാറ്റണം. ആരോഗ്യവകുപ്പിന്റെ തെറ്റായ നടപടികള്‍ മാറ്റാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.