Connect with us

Gulf

ഗള്‍ഫ് വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കം: സ്റ്റഡി ഇന്‍ ഇന്ത്യ ശ്രദ്ധേയം

Published

|

Last Updated

 

ജെറ്റക്‌സിലെ ഇന്ത്യന്‍ പവലിയന്‍

ദുബൈ: ഗള്‍ഫ് വിദ്യാഭ്യാസ-പരിശീലന-പ്രദര്‍ശനം (ജെറ്റെക്‌സ്) ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളും മറ്റും “ജെറ്റെക്‌സി” ല്‍ പങ്കെടുക്കുന്നു. സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ ഇന്ത്യക്ക് പ്രത്യേക പവലിയനുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന് കീഴിലെ എഡ്സില്‍ എന്ന സ്ഥാപനമാണ് ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ 800 സര്‍വകലാശാലകളും 38,000 കോളേജുകളും ഉണ്ടെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസത്തിനു ലോകത്തു ഏറ്റവും ചെലവു കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദുബൈ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു.

മുംബൈ, മദ്രാസ്, റൂര്‍ക്കി തുടങ്ങിയ സ്ഥലങ്ങളിലെ ഐ ഐ ടികള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെവന്‍സ് സ്റ്റാര്‍ ടെക്‌നോളജി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്റ്റഡി ഇന്‍ ഇന്ത്യയുടെ കീഴില്‍ എത്തിയിരിക്കുന്നത്. എഡ്‌സില്‍ സി എം ഡി ദീപ്തി മാന്‍ദാസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധി സംഘം എത്തിയിട്ടുണ്ട്. ഗള്‍ഫിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് സ്റ്റഡി ഇന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. യു എ ഇയിലെ മിക്ക ക്യാംപസുകളും പവലിയന്‍ ഒരുക്കി. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍ റാസ് അല്‍ ഖൈമ ക്യാംപസ് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ഡോ. പി എ ഇബ്‌റാഹീം ഹാജി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയുടെ എല്ലാ കോഴ്‌സുകളും റാക് ക്യാമ്പസില്‍ ലഭ്യമാണെന്ന് എം ഡി ബി എഫ് അഹ്മദ് റാഫി പറഞ്ഞു. പ്രദര്‍ശനം മൂന്നു ദിവസം നീണ്ടു നില്‍ക്കും. യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രക്ഷാ കര്‍തൃത്വത്തിലാണ് പ്രദര്‍ശനം. 35000 ഓളം വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കാന്‍ പ്രദര്‍ശനത്തിന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡ്രോണ്‍ ആംബുലന്‍സ് വികസിപ്പിച്ചു

ദുബൈ: യു എ ഇ ഹയര്‍ കൊളജസ് ഓഫ് ടെക്നോളജി ആളില്ലാ പേടക ആംബുലന്‍സ് വികസിപ്പിച്ചു. കെട്ടിടങ്ങളില്‍ തീ പിടുത്തമോ മറ്റു അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ആളുകളെ രക്ഷിക്കാന്‍ ഇതിനു കഴിയും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഗള്‍ഫ് വിദ്യാഭ്യാസ പ്രദര്‍ശനമായ ജെറ്റെക്‌സില്‍ ഇത് പ്രദര്‍ശിപ്പിച്ചു. വേഗത്തിലും എളുപ്പത്തിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നതാണ് ഡ്രോണ്‍ ആംബുലന്‍സിന്റെ സൗകര്യമെന്നു കോളേജ് അധികൃതര്‍ പറഞ്ഞു. കനത്ത ട്രാഫിക്കിനു മധ്യത്തിലും മരുഭൂമിയിലും ആളില്ലാ പേടകം എത്തി രക്ഷാപ്രവര്‍ത്തനം നടത്തും. ബാറ്ററിയിലാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുക. ഒരാള്‍ക്ക് കിടന്നു യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

Latest