കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ

ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു
Posted on: April 13, 2018 7:06 pm | Last updated: April 13, 2018 at 7:53 pm

ബെംഗളൂരു: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. എന്നാല്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ബി ജെ പി ബലാബലം നില്‍ക്കുമെന്നും സര്‍വേ പറയുന്നു. തൂക്കുസഭയുടെ ഒടുവില്‍ ജനതാദള്‍ എസിന്റെ പിന്തുണ ലഭിക്കുന്നവര്‍ ഭരണത്തിലേറുമെന്നും ഇന്ത്യ ടുഡേ-കര്‍വി സര്‍വ്വേ ഫലം പറയുന്നു.

224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ട 113 സീറ്റുകള്‍ ഒരു പാര്‍ട്ടിയും നേടില്ല. കോണ്‍ഗ്രസ് 90 മുതല്‍ 101 വരെ സീറ്റുകള്‍ നേടും. മുഖ്യ പ്രതിപക്ഷമായ ബി ജെ പി 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടുമെന്നും അഭിപ്രായ സര്‍വേ ചൂണ്ടിക്കാട്ടുന്നു. 34 മുതല്‍ 43 വരെ സീറ്റുകള്‍ നേടി ജനതാദള്‍ എസ് തിരഞ്ഞെടുപ്പിലെ നിര്‍ണായ ശക്തിയായി മാറുമെന്നും സര്‍വേ പറയുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു. ബി ജെ പിയും ജനതാദള്‍ എസും 40 സീറ്റുകള്‍ വീതം നേടി രണ്ടാമതെത്തി. എന്നാല്‍ പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ കോണ്‍ഗ്രസ് പിന്നിലായി. 28 ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്‍പതെണ്ണം മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. രണ്ട് സീറ്റ് ജനതാദള്‍ നേടിയപ്പോള്‍ ബാക്കിയുള്ള 17 സീറ്റും ബിജെപിക്കായിരുന്നു