ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പൊടിച്ച് കേരള എഫ് സി

Posted on: April 13, 2018 6:28 am | Last updated: April 13, 2018 at 12:37 am

തൃശൂര്‍: ഇഞ്ചുറി ടൈമില്‍ പ്രതിരോധ ഭടന്‍ അഭിജിത്തിന്റെ കിടിലന്‍ ഹെഡ്ഡര്‍ വല കുലുക്കിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കേരള എഫ് സിക്കു തകര്‍പ്പന്‍ ജയം. ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരള എഫ് സിയുടെ ജയം. 13 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് കേരള എഫ് സി. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്കു പിന്നില്‍ നിന്ന എഫ് സി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഒന്നാം പകുതിയിലെ 23, 28 മിനിട്ടുകളിലായി സ്‌ട്രൈക്കര്‍ സുറാജ് റാവത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. സ്റ്റോപ്പര്‍ നാരായണ്‍ ഛേത്രിയില്‍ നിന്ന് ലഭിച്ച പാസ് ആതിഥേയരുടെ പ്രതിരോധ പിഴവ് മുതലെടുത്ത് വലയിലേക്ക് തിരിച്ചുവിട്ടായിരുന്നു ആദ്യ ഗോള്‍. അതിവേഗക്കാരന്‍ അനന്തു മുരളി ഇടതു വിംഗില്‍ നിന്ന് മറിച്ചു കൊടുത്ത പന്ത് കൃത്യമായി കണക്ട് ചെയ്താണ് സുറാജ് ലീഡുര്‍ത്തിയത് (2-0).
രണ്ടാം പകുതിയില്‍ സന്തോഷ് ട്രോഫി താരം എം എസ് ജിതിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി കിക്ക് എഫ് സിക്ക് പുതു ജീവനേകി. കിക്കെടുത്ത നൈജീരിയക്കാരന്‍ ബല അല്‍ ഹസന്‍ ദഹീറിന് പിഴച്ചില്ല (1-2). വര്‍ധിത വീര്യത്തോടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് അവര്‍ നിരന്തരം ഭീഷണി സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതിനു ഫലമുണ്ടായി. രണ്ടാം പകുതിയില്‍ പരമീന്ദര്‍ സിംഗിന്റെ പകരക്കാരന്‍ ശ്രേയസിലൂടെ സമനില ഗോള്‍ പിറന്നു. ഇടതു വിംഗില്‍ നിന്ന് ബല നല്‍കിയ പാസില്‍ നിന്നായിരുന്നു ശ്രേയസിന്റെ ഗോള്‍ (2-2).
തുടര്‍ന്ന് തുല്യ ശക്തികളുടെ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലേക്ക് കളി മാറി. ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്ക് ദഹീര്‍ ഗോള്‍ പോസ്റ്റിനരികിലേക്ക് ഉയര്‍ത്തി കൊടുത്തു.

അഭിജിത്ത് തലവെച്ചപ്പോള്‍ വെടിയുണ്ട കണക്കെ കുതിച്ച പന്ത് വലയില്‍ തറയ്ക്കുന്നത് നോക്കിനില്‍ക്കാനേ ബ്ലാസ്റ്റേഴ്‌സ് ഗോളിക്ക് കഴിഞ്ഞുള്ളൂ. തുടര്‍ന്നു ലഭിച്ച തുറന്ന ചില അവസരങ്ങള്‍ മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞതുമില്ല. എഫ് സിക്കു വേണ്ടി നിരവധി ഗോളവസരങ്ങള്‍ തുറക്കുകയും ഇരു വിങ്ങുകളിലൂടെയും മാറി മാറി ആക്രമണം നടത്തുകയും ചെയ്ത ജിതിനാണ് കളിയിലെ കേമന്‍.