മോദിയുടേയും അമിത്ഷായുടേയും ഏകദിന ഉപവാസം ഇന്ന്; എംപിമാരും പങ്കെടുക്കും

Posted on: April 12, 2018 10:28 am | Last updated: April 12, 2018 at 12:25 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് സമ്മേളനങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നടത്തുന്ന ഏകദിന നിരാഹാരം ഇന്ന് നടക്കും. നരേന്ദ്ര മോദി ഡല്‍ഹിയിലും അമിത് ഷാ കര്‍ണാടകയിലെ ഹുബ്ബള്ളിയിലുമാണ് ഉപവാസമിരിക്കുക. ബി ജെ പി. എം പിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ ഉപവാസമരിക്കും. മണ്ഡലങ്ങളില്‍ ഉപവസിക്കുന്ന ബി ജെ പി എംപിമാരെ വിഡിയോ കോണ്‍ഫറന്‍സ് വഴി മോദി അഭിസംബോധന ചെയ്യുമെന്നാണ് അറിയുന്നത്.. കേന്ദ്രസര്‍ക്കാറിന്റെ ദളിത് വിരുദ്ധ നയത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് ഉപവാസം നടത്തിയതിനു ബദലാണു ബി ജെ പിയുടെ ഉപവാസം.

ഉപവാസമാണെങ്കിലും പ്രധാനമന്ത്രിയുടെ ദൈനംദിന ജോലികളില്‍ മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതായി മോദി ഇന്ന് രാവിലെ ചെന്നൈയിലെത്തിയിരുന്നു. പ്രമേഹ രോഗമുള്ളതിനാല്‍ അമിത് ഷായോട് ഉപവാസത്തില്‍ നിന്ന് ഒഴിഞ്ഞനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. വൃക്കരോഹത്തിന് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും വൃക്കമാറ്റിവെച്ച സുഷമാ സ്വരാജും ഉപവാസത്തില്‍ പങ്കെടുക്കില്ല.

ഇരുസഭകളും തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ച് സമ്മേളനകാലത്തെ 23 ദിവസത്തെ ശമ്പളവും അലവന്‍സുകളും വാങ്ങില്ലെന്ന് എന്‍ ഡിഎ എം പിമാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഭകള്‍ മുടങ്ങാന്‍ കാരണം സര്‍ക്കാറിന്റെ ‘സ്പോണ്‍സേര്‍ഡ് പ്രതിഷേധം’ ആണെന്ന് ആരോപണമുണ്ട്. ഈ ദശാബ്ദത്തില്‍ ഏറ്റവും കാര്യക്ഷമത കുറഞ്ഞ ബജറ്റ് സമ്മേളനമാണ് സമാപിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് ആകെ സമയത്തിന്റെ നാല് ശതമാനം. രാജ്യസഭയില്‍ ഇത് എട്ട് ശതമാനമാണ്.