സിറിയയിലെ രാസായുധാക്രമണം: ഉടന്‍ തിരിച്ചടിയെന്ന് യു എസ്; മുന്നറിയിപ്പ് നല്‍കി റഷ്യ

Posted on: April 11, 2018 9:13 am | Last updated: April 11, 2018 at 10:50 am

വാഷിംഗ്ടണ്‍: സിറിയയിലെ ദൗമയില്‍ അസദ് സൈന്യം നടത്തിയ രാസായുധാക്രമണത്തിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനികമായ നടപടി ഉള്‍പ്പടെയുള്ളവ മുന്നിലുണ്ട്. എന്തായാലും ഇതുസംബന്ധിച്ച തീരുമാനം പെട്ടെന്നുണ്ടാകും. ആരാണ് രാസായുധാക്രമണത്തിന് പിന്നിലെന്നതിന് കൃത്യമായ വിവരങ്ങള്‍ അമേരിക്കക്ക് കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

കിഴക്കന്‍ ഗൗതയിലെ ദൗമയിലാണ് കഴിഞ്ഞ ശനിയാഴ്ച രാസായുധാക്രമണം ഉണ്ടായത്. സംഭവത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ എങ്കിലും യഥാര്‍ഥ മരണ സംഖ്യ ഇനിയും പുറത്തുവന്നിട്ടില്ല.
ദൗമക്ക് നേരെയുണ്ടായ രാസായുധാക്രമണത്തെ സംബന്ധിച്ച് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ശക്തമായ പ്രതികരണം ഇതിനോട് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് രണ്ട് നേതാക്കളുടെയും അഭിപ്രായം. ചുകപ്പ് വര മുറിച്ചുകടന്നാല്‍ തിരിച്ചടി അനിവാര്യമായിരിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാറിന്റെ വക്താവ് ബെഞ്ചമിന്‍ ഗ്രീവെക്‌സ് മുന്നറിയിപ്പ് നല്‍കി. സിറിയ രാസായുധം പ്രയോഗിക്കുന്നതിന് തെളിവ് ലഭിച്ചാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

സംഭവത്തെ ശക്തമായി വിമര്‍ശിക്കുന്നുവെന്നും നടപടി കിരാതമെന്നും ഉത്തരവാദിത്വം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍അസദിനാണെന്നും അവര്‍ പ്രതികരിച്ചു.
എന്നാല്‍ രാസായുധാക്രമണത്തിന് ഒരു തെളിവുമില്ലെന്നും ഇതിന്റെ പേരില്‍ അമേരിക്ക സൈനിക നടപടിക്കൊരുങ്ങിയാല്‍ നോക്കിയിരിക്കില്ലെന്നും റഷ്യയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച ചര്‍ച്ചക്കിടെ റഷ്യയും അമേരിക്കയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. രാസായുധാക്രമണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഒരു കരട് ബില്‍ സമര്‍പ്പിക്കണമെന്ന് അമേരിക്കന്‍ നയതന്ത്രപ്രതിനിധി നിക്കി ഹാലെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയുടെ പ്രത്യേക സൈനിക മേധാവികളും സിറിയയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റും ദൗമയില്‍ രാസായുധാക്രമണം നടന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.